അനൂസ് എവിടെ ? ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്, അന്വേഷണം ഊർജിതം

Mail This Article
കോഴിക്കോട്∙ കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും യുവാവിന്റെയും ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറും പുറത്തു വിട്ടിട്ടുണ്ട്. പ്രതികളെന്നു സംശയിക്കുന്നവരുടെയോ അവരുടെ വാഹനങ്ങളുടെയോ വിവരം ലഭിച്ചാൽ കൊടുവള്ളി സ്റ്റേഷനിൽ അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.
ഇതിനിടെ, അനൂസുള്ളത് മലപ്പുറം ജില്ലയിലാണെന്ന് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. കൃത്യമായ സ്ഥലം മനസ്സിലായിട്ടുണ്ടെന്നും അനൂസിനെ ഉപേക്ഷിച്ച് അവിടെ നിന്ന് പ്രതികൾ കടന്നു കളയാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി അനൂസിനെ പ്രതികൾ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പൊലീസ് താമരശ്ശേരി ചുരത്തിനു സമീപം അന്വേഷണം നടത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അനൂസ് റോഷനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസിന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അനൂസിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.