ADVERTISEMENT

തിരുവനന്തപുരം∙ നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ ഉദ്ഘാടനം വിപുലമായി ആഘോഷിച്ചതിനു പിന്നാലെ സിപിഎം മന്ത്രിമാര്‍ തമ്മില്‍ അവകാശത്തര്‍ക്കം. തദ്ദേശവകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പദ്ധതിയുടെ പൂര്‍ണമായ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ഭരണതലത്തിൽ ഒരു വിഭാഗം ചർച്ചയാക്കി. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രിമാര്‍ തമ്മിൽ തർക്കമുണ്ടായതോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിന്നതെന്ന് വാർത്തകൾ പ്രചരിച്ചതോടെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പ് ഇറക്കി. 

കേന്ദ്ര, സംസ്ഥാന ഫണ്ടുകള്‍ക്കു പുറമേ തദ്ദേശ വകുപ്പിന്റെ 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാര്‍ട് റോഡുകള്‍ തയാറാക്കിയത്. എന്നാല്‍ ഉദ്ഘാടനപരിപാടിയില്‍നിന്ന് തദ്ദേശവകുപ്പ് മന്ത്രിയെ ഉള്‍പ്പെടെ പൂര്‍ണമായി ഒഴിവാക്കിയെന്നാണു പരാതി. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലും മന്ത്രി എം.ബി.രാജേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതായി സൂചനയുണ്ട്. സ്മാര്‍ട് റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളിലും ഫ്‌ളക്‌സുകളിലും മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. 

തലസ്ഥാനത്തെ സ്മാര്‍ട് റോഡുകള്‍ 200 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. കേന്ദ്രവിഹിതത്തിനു പുറമേ 80 കോടി രൂപ തദ്ദേശഭരണ വകുപ്പിന്റെ അക്കൗണ്ടില്‍നിന്നാണ് നല്‍കിയത്. തിരുവനന്തപുരം കോര്‍പ്പറേഷനും 40 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡിന് റോഡ് നിര്‍മാണത്തിന്റെ മേല്‍നോട്ടമാണ് ഉണ്ടായിരുന്നത്. കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച സ്മാര്‍ട് റോഡ് ഉദ്ഘാടനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയതിനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. യുഡിഎഫ് പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

∙ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം:

12 സ്മാർട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമാണ്. മേയ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപരമായ കാരണങ്ങളാൽ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ റദ്ദാക്കിയിരുന്നു. മറ്റെന്തോ കാരണങ്ങൾ കൊണ്ടാണ് റോഡ് ഉദ്‌ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടി വിജയകരമായി മുന്നേറുമ്പോൾ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്. 

English Summary:

Thiruvananthapuram smart roads inauguration fuels a CPM minister dispute: Allegations of credit grabbing and exclusion of ministers from the ceremony have sparked controversy within the ruling party.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com