ADVERTISEMENT

ഇസ്‍ലാമാബാദ്∙ ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സഹ സ്ഥാപകൻ അമീർ ഹംസയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വച്ച് വെടിയേറ്റതായി സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ലഹോറിലെ സ്വന്തം വസതിയിൽ വച്ചാണ് പരുക്കേറ്റതെന്നും ഹംസ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരുക്ക് എത്രത്തോളം ഗുരുതരമാണ്, എങ്ങനെയാണ് പരുക്കേറ്റത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് പാക്കിസ്ഥാൻ അധികൃതരിൽ നിന്നോ ലഷ്കറെ തയിബയിൽ നിന്നോ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. 

ലഷ്കറെ തയിബയുടെ 17 സ്ഥാപകരിൽ ഒരാളാണ് അമീർ ഹംസ. വർഷങ്ങളോളം ലഷ്കറിന്റെ പ്രചാരണ വിഭാഗത്തെയും ജനസമ്പർക്ക പരിപാടികളെയും നിയന്ത്രിച്ചത് ഹംസയാണ്. പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‍റൻവാല നഗരത്തിൽ നിന്നുള്ള ഹംസയെ 2012 ഓഗസ്റ്റിൽ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സോവിയറ്റ് ഭരണകാലത്ത് സ്വതന്ത്ര അഫ്‌ഗാനിസ്ഥാനു വേണ്ടി ആയുധമെടുത്ത അമീർ ഹംസ പിന്നീട് ലഷ്കറെ തയിബ സ്ഥാപിച്ച ശേഷം അതിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു.

2018-ൽ സാമ്പത്തിക സഹായങ്ങൾ കുറഞ്ഞതിന്റെ പേരിൽ ലഷ്‌കറുമായി അകന്ന ഹംസ ജെയ്ഷെ മൻഫാഖ എന്ന പേരിൽ മറ്റൊരു ഭീകര സംഘടന രൂപീകരിച്ച് ജമ്മുകശ്മീരടക്കമുള്ള മേഖലയിൽ ഭീകരാക്രമണങ്ങൾ നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനുശേഷം അമീർ ഹംസ ലഷ്കർ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നാണ് വിവരം.

English Summary:

Amir Hamza, LeT Leader, Suffers Injuries in Pakistan: Amir Hamza, co-founder of Lashkar-e-Taiba, reportedly injured in a shooting at his Lahore residence. The extent of his injuries and details surrounding the incident remain unconfirmed.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com