കോഴിക്കോട് അതിരൂപത: പദവിയിലേക്കുയർത്തലും സ്ഥാനാരോഹണവും 25ന്

Mail This Article
കോഴിക്കോട് ∙ അതിരൂപതയായി ഉയർത്തെപ്പെടുന്ന കോഴിക്കോട് രൂപതയിൽ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഇനി മണിക്കൂറുകൾ മാത്രം. കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങും മെത്രാപ്പൊലീത്ത പദവിയിൽ ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ സ്ഥാനാരോഹണവും 25ന് വൈകിട്ട് 3ന് നടക്കും. കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളജിനു സമീപം സിറ്റി സെന്റ് ജോസഫ്സ് പള്ളിയിലാണ് ചടങ്ങുകൾ. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അപ്പോസ്‌തലിക് നുൺഷ്യോ ആർച്ച് ബിഷപ് ഡോ. ലിയോപോൾദോ ജിറെല്ലി സ്ഥാനാരോഹണച്ടചങ്ങുകൾക്ക് നേതൃത്വം നൽകും. കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ വചനപ്രഘോഷണം നടത്തും.
സിസിബിഐ പ്രസിഡന്റ് കർദിനാൾ ഫിലിപ് നേരി ഫെറാവോ, സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഹൈദരാബാദ് ആർച്ച് ബിഷപ് കർദിനാൾ ആന്റണി പൂല, കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, മാർ ആൻഡ്രൂസ് താഴത്ത്, തോമസ്.ജെ.നെറ്റോ, തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഡോ. അലക്സ് വടക്കുംതല തുടങ്ങിയവർ പങ്കെടുക്കും.
കണ്ണൂർ, സുൽത്താൻപേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് കേരളത്തിൽ ലത്തീൻ സഭയുടെ മൂന്നാമത്തെ അതിരൂപതയായ കോഴിക്കോട് നിലവിൽ വന്നത്. രൂപത സ്ഥാപിതമായി 102 വർഷം പൂർത്തിയായപ്പോഴാണ് കോഴിക്കോട് അതിരൂപതയായി ഉയർത്തപ്പെട്ടത്. ഏപ്രിൽ 12ന് വൈകിട്ട് 3.30നാണ് അതിരൂപതാ പ്രഖ്യാപനം നടന്നത്. തൃശൂർ കോട്ടപ്പുറം രൂപതയിൽ മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ഇടവകാംഗമാണ് ഡോ. വർഗീസ് ചക്കാലയ്‌ക്കൽ.