ADVERTISEMENT

പുത്തൻകുരിശ്∙ തിരുവാണിയൂർ പഞ്ചായത്തിലെ 69–ാം നമ്പർ അങ്കണവാടിയുടെ ഗേറ്റുകൾ ചേർത്തടച്ച് അകത്തുനിന്ന് താഴിട്ടു പൂട്ടിയിരിക്കുന്നു. പുറത്തു മഴ പെയ്യുന്നുണ്ട്. അകത്തുനിന്ന് കുട്ടികളുടെ ബഹളം കേൾക്കാം. അമ്മ പുഴയിലെറിഞ്ഞു കൊന്ന കുഞ്ഞ് പഠിച്ചിരുന്ന അങ്കണവാടി ദുരന്തത്തിന്റ നടുക്കത്തിലാണ്. ബന്ധുവിന്റെ പീഡനത്തിന് കുട്ടി ഇരയായി എന്ന വാർത്ത അറിഞ്ഞതിന്റെ അമ്പരപ്പ് ജീവനക്കാരിലും നാട്ടുകാരിലുമുണ്ട്.

കളിയും ചിരിയുമായി സജീവമായിരുന്നു കൊല്ലപ്പെട്ട മൂന്നര വയസ്സുകാരി. കുട്ടി മിടുക്കിയായിരുന്നെന്ന് അങ്കണവാടി ജീവനക്കാർ പറയുന്നു. ആരോടും വഴക്കിടില്ല. എല്ലാവരോടും സൗഹൃദമാണ്. കളിയും ചിരിയുമായി നിറഞ്ഞു നിൽക്കും. ഉച്ച ഭക്ഷണത്തിനുശേഷം ഉറങ്ങും. പിന്നീട് അമ്മയെത്തി കൂട്ടിക്കൊണ്ടുപോകും. വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ആർക്കും അറിവില്ലായിരുന്നു.

അങ്കണവാടിക്കുള്ളിൽ നാലോ അഞ്ചോ വയസ്സുള്ള ഒരു കുട്ടി, ‘ടീച്ചറേ വാഷ്റൂമിൽ പോണം’ എന്ന് ഉറക്കെ വിളിച്ചു പറയുന്നു. ‘ആരേയും അകത്തേക്ക് പ്രവേശിപ്പിക്കേണ്ട എന്നാണ് നിർദേശം’ കുട്ടിയെ ശുചിമുറിയിൽ കൊണ്ടാക്കി തിരിച്ചു വന്ന ശേഷം ടീച്ചർ പറഞ്ഞു. തങ്ങൾ ഇപ്പോൾ കടന്നു പോകുന്ന മാനസികാവസ്ഥ ഗേറ്റിനകത്തു നിന്ന്  അങ്കണവാടി ടീച്ച‍ർ ഏതാനും വാക്കുകളിൽ ചുരുക്കി പറഞ്ഞു. 

‘14 കുട്ടികളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇപ്പോൾ 13 പേർ. ഇന്നു 3 പേർ മാത്രമേ വന്നിട്ടുള്ളൂ. സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ് എല്ലാവരേയും നോക്കുന്നത്. കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തേ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഇപ്പോൾ‌ ഓര്‍ക്കാറുണ്ട്’’– പറയുമ്പോൾ ടീച്ചറുടെ വാക്കുകൾ ഇടറി.

കുട്ടികൾ ഉറക്കം തൂങ്ങുകയോ മറ്റെന്തെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കുകയോ ഒക്കെ ചെയ്താൽ അപ്പോൾ തന്നെ മാതാപിതാക്കളെ അറിയിക്കാറുണ്ട് എന്ന് ടീച്ചർ പറയുന്നു. സംഭവ ദിവസം പതിവു പോലെ അമ്മ തന്നെയാണ് രാവിലെ കുട്ടിയെ കൊണ്ടു വിട്ടതും വൈകിട്ട് മൂന്നരയോടെ തിരികെ കൊണ്ടുപോയതുമെന്നും ടീച്ചർ പറഞ്ഞു. അമ്മയുടെയോ കുട്ടിയുടെയോ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും കണ്ടില്ലെന്നും അവർ പറഞ്ഞു. 

പുത്തൻകുരിശിനടുത്തുള്ള മറ്റക്കുഴിയിലും പണിക്കരുപടിയിലുമെല്ലാം മഴ ചന്നംപിന്നം പെയ്യുന്നുണ്ട്. എന്നാൽ മഴ തോർന്നു നിൽക്കുന്ന ശാന്തതയാണ് നാടെങ്ങും. റോഡുകളിൽ പോലും കാര്യമായ അനക്കമില്ല. വീടുകളുടെ വാതിലുകൾ അടഞ്ഞു കിടക്കുന്നു. ഒരു വലിയ അത്യാഹിതത്തിന് സാക്ഷ്യം വഹിച്ചതിനു പിന്നാലെയുള്ള നടുക്കത്തിലാണ് നാടും നാട്ടുകാരും. അങ്കണവാടിയിൽനിന്ന് അര കിലോമീറ്ററോളം ദൂരമേ ഉണ്ടാകൂ കൊല്ലപ്പെട്ട കുട്ടിയുടെയും ബന്ധുക്കളുടെയും വീട്ടിലേക്ക്. ദേശീയപാതയിൽനിന്ന് അധികം ദൂരമില്ലെങ്കിലും റോഡുകളിൽ ആൾത്തിരക്കില്ല. ധാരാളം വീടുകളുമുള്ള പ്രദേശമാണെങ്കിലും ഒരു വീടിന്റെയും പുറത്ത് ആരുമില്ല. വാതിലുകൾ അടച്ചിട്ടിരിക്കുന്നു. 

വഴിയോരത്തായി തൊട്ടുതൊട്ടു നിർമിച്ചിരിക്കുന്ന വീടുകളിലൊന്നിലാണ് കുട്ടിയും സഹോദരനും മാതാപിതാക്കളും താമസിച്ചിരുന്നത്.  തമ്മിൽ തൊട്ടു നിൽക്കുന്ന അടുത്ത വീട്ടിൽ ബന്ധുക്കളും. ഇരു വീടുകള്‍ക്കുമായി ഒറ്റ മുറ്റമാണ്. ബന്ധുക്കൾ താമസിച്ചിരുന്ന വീട് പൂർണമായും അടഞ്ഞു കിടക്കുന്നു. കുട്ടിയുടെ വീടിന്റെ വാതിൽ തുറന്നും. മഴ തോർന്ന സമയമായതിനാൽ പുറത്ത് രണ്ടു കുട്ടികൾ അവരുടേതായ കളികളിൽ മുഴുകിയിരിക്കുന്നു. അമ്മയുടെയോ അച്ഛന്റെ ബന്ധുക്കളുടെയോ കൈപിടിച്ച് നടന്നാണ് എന്നും രാവിലെയും തിരിച്ചും ആ കുട്ടി അങ്കണവാടിയിലേക്ക് പോയിരുന്നത്. 

മരിച്ച കുട്ടിയെ ഓർത്തു നെടുവീർപ്പിടുന്നു വഴിയരികിൽ കണ്ട കുറച്ചകലെ താമസിക്കുന്ന സ്ത്രീകളിലൊരാൾ. ഇതേ മനോനിലയാണ് ഈ നാട്ടിലെ ഒട്ടുമിക്ക മനുഷ്യരുടെയും. അമ്മ കുട്ടിയെ കൊലപ്പെടുത്തിയ വാർത്ത അറിഞ്ഞപ്പോൾ മുതൽ രോഷവും വേദനയുമായിരുന്നു മിക്കവർക്കുമെങ്കിൽ അടുത്ത ബന്ധുവിന്റെ പീഡനത്തിന് ഇരയായിരുന്നു കുട്ടി എന്നു കൂടി അറിഞ്ഞതോടെ അത് അമ്പരപ്പിനു വഴിമാറി.

English Summary:

Child Abuse Case: The Anganwadi where the victim attended is grappling with the aftermath of the shocking event and the community is in mourning.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com