ADVERTISEMENT

തിരുവനന്തപുരം∙ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ (25) ആണ് ഏക പ്രതി. പിതൃമാതാവ് പാങ്ങോട് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സൽമാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. പ്രതി അഫാൻ സംഭവ ദിവസം രാവിലെ പേരുമലയിലെ സ്വന്തം വീട്ടിൽ വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മുറിയിൽ അടച്ചു. അതിനുശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളിൽ എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടിൽവച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. മണിക്കൂറുകളുടെ ഇടവേളകളിലായിരുന്നു 5 കൊലപാതകങ്ങൾ.

കടബാധ്യത രൂക്ഷമായപ്പോൾ സഹായം നൽകാതിരുന്ന ബന്ധുക്കളോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നു. കടം തിരികെ നൽകാൻ കഴിയാത്ത അവസ്ഥയിൽ കുടുംബം കൂട്ടത്തോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു. കുടുംബത്തെ സാമ്പത്തികമായി സഹായിക്കാതിരുന്നവരെ കൊലപ്പെടുത്താൻ അഫാൻ പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പിതാവിന്റെ മാതാവ് സൽമാബീവിയോട് വിവിധ സമയങ്ങളിൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. പണയം വയ്ക്കാൻ സ്വർണം ചോദിച്ചിട്ടും നൽകാതിരുന്നതും വൈരാഗ്യത്തിനു കാരണമായി. സൽമാബീവിയെ അടിച്ചു കൊലപ്പെടുത്തിയ ശേഷം അവർ ധരിച്ചിരുന്ന മാല പൊട്ടിച്ചെടുത്ത് വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് പണം വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

കൂട്ടക്കൊലപാതകം 3 കേസുകളായാണ് റജിസ്റ്റർ ചെയ്തത്. സൽമാബീവിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പാങ്ങോട് പൊലീസ് ആണ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി 89ദിവസം പൂർത്തിയായി. ഈ കേസിന്റെ കുറ്റപത്രം ആണ് ഇന്ന് സമർപ്പിച്ചത്. 450 പേജുകളുള്ള കുറ്റപത്രത്തിൽ 120 സാക്ഷികളുടെയും 40 തൊണ്ടിമുതലുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ സാജിതാ ബീവി എന്നിവരെ എസ്എൻപുരത്ത് വീട്ടിലെത്തി കൊലപ്പെടുത്തിയ കേസിൽ കിളിമാനൂർ എസ്എച്ച്ഒയും സുഹൃത്ത് ഫർസാന, സഹോദരൻ അഹ്സാൻ എന്നിവരെ പേരുമലയിലെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ വെഞ്ഞാറമൂട് എസ്എച്ച്ഒയും ആയിരുന്നു അന്വേഷണം നടത്തിയത്. 

English Summary:

Venjaramoodu Mass Murder Case: The first charge sheet has been filed against Afan. The case highlights a series of murders stemming from debt and family disputes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com