ADVERTISEMENT

റോം ∙ ഇറാനും യുഎസും തമ്മിൽ ആണവ നിരായുധീകരണം സംബന്ധിച്ച് അഞ്ചാം ഘട്ട ചർച്ച റോമിൽ പൂർത്തിയായി. ഒമാന്റെ മധ്യസ്ഥതയിൽ, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമാണ് ചർച്ചയിൽ പങ്കെടുത്തത്. മസ്‌കത്തിലും റോമിലുമായാണ് നാലു റൗണ്ട് ചർച്ചകൾ നടന്നത്.

ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഒമാൻ വ്യക്തമാക്കി. നിരവധി നിർദേശങ്ങൾ ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിൽ ചർച്ചയിൽ പുരോഗതിക്ക് സാധ്യതയുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. നിർദേശങ്ങളും പരിഹാര മാർഗങ്ങളും അവലോകനം ചെയ്തശേഷം അടുത്ത റൗണ്ട് ചർച്ചയുടെ തീയതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചർച്ചയെ കുറിച്ച് യുഎസ് പ്രതികരിച്ചില്ല.  

ആണവായുധ നിർമാണത്തിനുള്ള ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം തടയുകയാണ് യുഎസിന്റെ ലക്ഷ്യം. ഇറാൻ ആണവായുധ ശേഷി കൈവരിച്ചാൽ മേഖലയിൽ അസ്ഥിരതയ്ക്ക് ഇടയാക്കുമെന്നും ഇസ്രയേലിനും ഭീഷണിയാകുമെന്നും യുഎസ് കരുതുന്നു. ‍‌‌അതേസമയം, യുഎസ് പ്രഖ്യാപിച്ച ഉപരോധം പിൻവലിക്കണമെന്നതാണ് ഇറാന്റെ ആവശ്യം. 

ആണവായുധങ്ങളില്ലാത്ത, യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിലേക്ക് എത്തിയ ലോകത്തിലെ ഏക രാജ്യം ഇറാൻ ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുൻപ് വ്യക്തമാക്കിയിരുന്നു. 2015ലെ ആണവ കരാറിനു കീഴിൽ നിശ്ചയിച്ചിരുന്ന പരമാവധി 3.67 ശതമാനത്തേക്കാൾ വളരെ കൂടുതലാണ് ഇത്. ഒരു ആണവായുധം നിർമിക്കുന്നതിന് 90 ശതമാനം സമ്പുഷ്ടീകരണം ആവശ്യമാണ്. 

ഇറാൻ ഇപ്പോഴും അവരുടെ ആണവ പദ്ധതി ഗണ്യമായി വികസിപ്പിക്കുകയും ആണവായുധങ്ങൾക്കും ആണവായുധ വിതരണ സംവിധാനങ്ങൾക്കുമായി ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തുന്നതും തുടരുകയാണെന്ന് ആരോപിച്ച് ഇറാനുമായുള്ള നാലാം റൗണ്ട് ചർച്ചകൾ അവസാനിച്ച് ഒരു ദിവസത്തിനു ശേഷം യുഎസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. 

English Summary:

Iran - US nuclear talks: Iranian and US negotiators wrapped up a fifth round of talks on Friday, with mediator Oman saying there was some limited progress in negotiations aimed at resolving a decades-long dispute over Tehran's nuclear ambitions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com