പ്രണയം തുറന്നുപറഞ്ഞ് തേജ് പ്രതാപ്, കുടുംബ മൂല്യങ്ങൾക്ക് എതിരെന്ന് ലാലുപ്രസാദ്; പാർട്ടിയിൽനിന്നും കുടുംബത്തിൽനിന്നും പുറത്താക്കി

Mail This Article
പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് മൂത്ത മകൻ തേജ് പ്രതാപ് യാദവ് എംഎൽഎയെ പാർട്ടിയിൽനിന്നു ആറു വർഷത്തേക്കു പുറത്താക്കി. കാമുകി അനുഷ്ക യാദവുമൊത്തുള്ള ചിത്രം തേജ് പ്രതാപ് യാദവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണു നടപടി. പന്ത്രണ്ടു വർഷമായി പ്രണയത്തിലായിരുന്നെന്നും തേജ് പ്രതാപ് പോസ്റ്റിൽ വെളിപ്പെടുത്തി. പിന്നീടു പോസ്റ്റ് ഡെലീറ്റ് ചെയ്തു തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് എഐ ചിത്രം പ്രചരിപ്പിച്ചതാണെന്നു തേജ് പ്രതാപ് വിശദീകരണം നൽകിയെങ്കിലും ഫലമുണ്ടായില്ല.
സാന്മാർഗിക മൂല്യങ്ങൾക്കു നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിൽ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽനിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുകയാണെന്നു ലാലു പ്രസാദ് യാദവ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തേജ് പ്രതാപിന്റെ പെരുമാറ്റം കുടുംബ പാരമ്പര്യത്തിനും മൂല്യങ്ങൾക്കും യോജിക്കാത്തതാണെന്നു ലാലു യാദവ് കുറ്റപ്പെടുത്തി. വ്യക്തി ജീവിതത്തിൽ സാന്മാർഗിക മൂല്യങ്ങൾ അവഗണിക്കുന്നതു സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തും. നിരുത്തരവാദപരമായ പെരുമാറ്റം അംഗീകരിക്കാൻ കഴിയാത്തതിനാൽ പാർട്ടിയിൽ നിന്നു തേജ് പ്രതാപ് യാദവിനെ ആറു വർഷത്തേക്കു പുറത്താക്കിയതായി ലാലു യാദവ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അനുഷ്ക യാദവ് എന്ന യുവതിയുമായി താൻ പ്രണയത്തിലാണെന്ന് 37 വയസ്സുകാരനായ തേജ് പ്രതാപ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ 12 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നുമാണ് തേജ് പ്രതാപ് പറഞ്ഞത്. ‘‘വളരെക്കാലമായി ഇതു നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്, നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ ഞാൻ ഇത് വെളിപ്പെടുത്തുന്നത്. നിങ്ങൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’ – തേജ് പ്രതാപ് പറഞ്ഞു.
ആർജെഡി നേതാവായിരുന്ന ചന്ദ്രികാ റായിയുടെ മകൾ ഐശ്വര്യ റായിയെ 2018ൽ തേജ് പ്രതാപ് യാദവ് വിവാഹം ചെയ്തെങ്കിലും ഏറെ വൈകാതെ ബന്ധം പിരിഞ്ഞു. കുടുംബ പ്രശ്നത്തെ തുടർന്നു ചന്ദ്രികാ റായി ആർജെഡി വിട്ടു. വിവാഹമോചന കേസിൽ കോടതി നടപടികൾ തുടരുന്നതിനിടെയാണു തേജ് പ്രതാപും അനുഷ്കയുമായുള്ള ബന്ധം പരസ്യമായത്. തേജ് പ്രതാപും അനുഷ്കയുമായുള്ള വിവാഹ ഫോട്ടോകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ബന്ധം സ്ഥിരീകരിച്ച് തേജ് പ്രതാപ് യാദവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നത്.