‘ചിലർ മറന്നുപോകുന്നത് ഓർമിപ്പിക്കുന്നു, ഇത് ബംഗ്ലദേശിലെ കുപ്പിക്കഴുത്ത് മേഖലകൾ’: മാപ്പ് പങ്കുവച്ച് ഹിമന്ത; യൂനുസിന് മറുപടി

Mail This Article
ഗുവാഹത്തി∙ ഇന്ത്യയുടെ കുപ്പിക്കഴുത്താണ് സിലിഗുരി ഇടനാഴിയെന്നും ദുർബലമായ ഈ മേഖലയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്നതെന്നുമുള്ള ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ പരാമർശത്തിന് മറുപടി നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബംഗ്ലദേശിനും അത്തരം കുപ്പിക്കഴുത്ത് മേഖലകളുണ്ടെന്നും ഭൂപടത്തിന്റെ ചിത്രം എക്സിൽ പങ്കുവച്ച് ഹിമന്ത തിരിച്ചടിച്ചു.
‘‘രണ്ടു ദുർബലമായ കുപ്പിക്കഴുത്ത് മേഖലകളാണ് ബംഗ്ലദേശിനുള്ളത്. ഇതിൽ ആദ്യത്തെത് ഡാഖിൻ ദിനാജ്പുരിനും സൗത്ത് വെസ്റ്റ് ഗാരോ കുന്നുകൾക്കും ഇടയിലുള്ള 80 കിലോമീറ്റർ നീളമുള്ള ഇടനാഴിയാണ്. ഇവിടെ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ബംഗ്ലദേശിലെ രംഗ്പുർ ഡിവിഷനെ ബംഗ്ലദേശിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെടുത്തും. രണ്ടാമത്തേത് തെക്കൻ ത്രിപുര മുതൽ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന വെറും 28 കിലോമീറ്റർ നീളമുള്ള ചിറ്റഗോങ് ഇടനാഴിയാണ്.
ഇന്ത്യയുടെ സിലിഗുരി ഇടനാഴിയെ ദുർബലമെന്ന് വിശേഷിപ്പിക്കുന്നവർ ചിറ്റഗോങ് ഇടനാഴിയെ ശ്രദ്ധിക്കണം. ഈ കുപ്പിക്കഴുത്ത് മേഖല ബംഗ്ലദേശിന്റെ തലസ്ഥാന നഗരമായ ധാക്കയെയും സാമ്പത്തിക നഗരമെന്ന് അറിയപ്പെടുന്ന ചിറ്റഗോങ്ങിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണിയാണ്.’’– ഹിമന്ത വിശ്വ ശർമ എക്‌സിൽ കുറിച്ചു. കുപ്പിക്കഴുത്ത് മേഖലയെ കൃത്യമായി ചിത്രീകരിച്ചായിരുന്നു പോസ്റ്റ്.
ചിലർ മറന്നുപോകാൻ സാധ്യതയുള്ള ഭൂമിശാസ്ത്രപരമായ വസ്തുതകൾ മാത്രമാണ് താൻ അവതരിപ്പിച്ചതെന്നും മുഹമ്മദ് യൂനുസിന് മുന്നറിയിപ്പായി കുറിച്ച പോസ്റ്റിൽ ഹിമന്ത പറയുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ ചുറ്റപ്പെട്ട മേഖലയായതിനാൽ ബംഗാൾ ഉൾക്കടലിന്റെ ഏക ‘സമുദ്ര സംരക്ഷകൻ’ ബംഗ്ലദേശാണെന്ന് മാർച്ച് അവസാനം മുഹമ്മദ് യൂനുസ് അവകാശപ്പെട്ടിരുന്നു. നാലു ദിവസത്തെ ചൈന സന്ദർശന വേളയിലായിരുന്നു ഈ പരാമർശം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിക്ക് ശരാശരി 20 കിലോമീറ്റർ മാത്രമാണ് വീതി. ഭൂമിശാസ്ത്രപരമായി നേപ്പാളിനും ബംഗ്ലദേശിനുമിടയിലാണ് ബംഗാളിലെ ഈ മേഖല.