ADVERTISEMENT

ന്യൂഡൽഹി∙ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ നിർമാണത്തിൽ നിർണായക ചുവടുവയ്പ്പുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) പദ്ധതിയുടെ ഭാഗമായി അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുടെ പ്രോട്ടോടൈപ്പ് നിർമിക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുമതി നൽകി. യുദ്ധവിമാന നിർമാണ രംഗത്ത് ഇന്ത്യയുടെ സ്വയം പര്യാപ്തതയിലേക്കുള്ള സുപ്രധാന നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. 

പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയാണ് (എഡിഎ) നിർമാണത്തിന് നേതൃത്വം നൽകുക. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന ഇന്ത്യൻ കമ്പനികൾക്കു മാത്രമേ ഇതിൽ പങ്കെടുക്കാൻ അനുമതി ലഭിക്കൂ എന്നു പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യ സമിതി കഴിഞ്ഞ വർഷം യുദ്ധവിമാന പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിക്കു ചെലവു കണക്കാക്കുന്നത്. 2034ൽ നിർമാണം പൂർത്തിയാക്കി 2035 ഓടെ പുതിയ യുദ്ധവിമാനത്തെ വ്യോമസേനയുടെ ഭാഗമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പറഞ്ഞു. 

∙ എന്താണ് അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്? 

എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ സാധിക്കുന്ന വിധത്തിൽ രൂപകൽപന ചെയ്ത അഞ്ചാം തലമുറ, ഇരട്ട എൻജിൻ, സ്റ്റെൽത്ത് മൾട്ടിറോൾ യുദ്ധ വിമാനമാണ് എഎംസിഎ. ശത്രുവിന്റെ റഡാറിൽനിന്നും ഏറക്കുറെ മറഞ്ഞുനീങ്ങാൻ സാധിക്കുന്നവിധം കുറഞ്ഞ റഡാർ ക്രോസ് സെക്‌ഷൻ (റഡാറിന്റെ കണ്ണിൽപെടാനുള്ള സാധ്യത) ഉള്ള യുദ്ധവിമാനങ്ങളാണ് സ്റ്റെൽത്ത് വിഭാഗത്തിലുള്ളത്. ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കാനാകുന്ന ‘സൂപ്പർക്രൂസ്’ ശേഷിയുമുള്ള എഎംസിഎ വിമാനങ്ങളിൽ ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അരേ (എഇഎസ്എ) റഡാറുകളാണ് ഉപയോഗിക്കുക. ഇതിലൂടെ ഡ്രോണുകളും മിസൈലുകളും ഉൾപ്പെടെയുള്ള ശത്രു ഒബ്ജക്ടുകളെ വളരെ ദൂരത്തുവച്ചു തന്നെ തിരിച്ചറിയാനും തകർക്കാനുമാകും.

ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും കര ആക്രമണങ്ങളും വ്യോമാക്രമണങ്ങളും പ്രതിരോധിക്കുന്നതിനും എഎംസിഎ വിമാനങ്ങൾ മുതൽക്കൂട്ടാകും. വ്യോമസേനയുടെ സുഖോയ് Su-30MKI യുദ്ധവിമാനങ്ങളുടെ പിൻഗാമിയായാണ് എഎംസിഎ കണക്കാക്കപ്പെടുന്നത്.

English Summary:

Fifth Generation Fighter jet: Defence Minister Rajnath Singh approved the Execution Model for the Advanced Medium Combat Aircraft (AMCA) programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com