കൊച്ചി ∙ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ തുടങ്ങി എല്ലാ എതിർകക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, മകൾ വീണ, വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി, കരിമണൽ കമ്പനിയായ സിഎംആർഎൽ തുടങ്ങി എല്ലാ എതിർകക്ഷികളോടും എതിർസത്യവാങ്മൂലം സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെ‍ഞ്ച് നിര്‍ദേശിച്ചു. സിഎംആർഎല്ലിനെ സഹായിച്ച് പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നും വീണയെ ഇതിനായി മറയാക്കുകയായിരുന്നു എന്നും വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ എം.ആർ.അജയനാണ് കോടതിയെ സമീപിച്ചത്.

ക്രമക്കേട് സംബന്ധിച്ച് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ വ്യക്തമാണെന്നും ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. മറ്റൊരു ബെഞ്ച് പരിഗണിച്ചിരുന്ന കേസ് പിന്നീട് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഇന്ററിം സെറ്റിൽമെന്റ് ബോർ‍ഡിന്റെ ഉത്തരവിൽ പരാമർശിക്കുന്നവരുടെ പട്ടിക ഹാജരാക്കാന്‍ ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് സമർപ്പിക്കേണ്ടത് ആദായനികുതി വകുപ്പാണെന്ന് കേന്ദ്ര സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. 

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ വീണ, ഇവരുടെ സ്ഥാപനം, കരിമണൽ കമ്പനി എംഡിയും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി എസ്എഫ്ഐഒ റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. എന്നാൽ തങ്ങളെ കേൾക്കാതെയാണ് എസ്എഫ്ഐഒ റിപ്പോർട്ട് സമർപ്പിച്ചതെന്ന സിഎംആർഎല്ലിന്റെ ഹർജിയിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലെ തുടർനടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

English Summary:

CMRL-Exalogic Case: Kerala High Court orders a hearing for Chief Minister Pinarayi Vijayan and his daughter in a bribery case. The case involves alleged monthly payments and demands a CBI investigation into irregularities related to sand mining company CMRL.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com