‘കുഞ്ഞാലിക്കുട്ടി സംസാരിച്ചത് പോസിറ്റീവായി’: ചർച്ച നടത്തി അൻവർ; പിതാവിന്റെ കബറിടത്തിൽ വിതുമ്പി ഷൗക്കത്ത്

Mail This Article
മലപ്പുറം ∙ പറയേണ്ട കാര്യങ്ങൾ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞിട്ടുണ്ടെന്ന് പി.വി.അൻവർ. സൗഹാർദപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സ്ഥാനാർഥിയുടെ കാര്യം കോൺഗ്രസ് പറയട്ടെ. കുഞ്ഞാലിക്കുട്ടി പോസിറ്റീവായാണ് സംസാരിച്ചത്. താൻ മത്സരിക്കുമോയെന്ന കാര്യം പിന്നീട് പറയാം. കോൺഗ്രസിൽ ബന്ധപ്പെടേണ്ടവർ ബന്ധപ്പെട്ടിട്ടില്ലെന്നും അൻവർ പറഞ്ഞു.
അതേസമയം, ആര്യാടന്‍ മുഹമ്മദിന്റെ കബറിടത്തില്‍ പ്രാര്‍ഥനകളോടെയാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണം ആരംഭിച്ചത്. രാവിലെ ഒമ്പതു മണിയോടെ ഷൗക്കത്ത് മുക്കട്ട വലിയ പള്ളിയിലെ ആര്യാടന്റെ കബറിടത്തിലെത്തുകയായിരുന്നു. പ്രിയ പിതാവിന്റെ കബറിടത്തില്‍ പ്രാര്‍ഥനകളുമായി മുട്ടുകുത്തി തലകുനിച്ച് ഷൗക്കത്ത് വിതുമ്പി. വി.എസ്. ജോയി ഒപ്പമുണ്ടായിരുന്നു.
നിലമ്പൂര്‍ തിരിച്ചു പിടിക്കുക എന്ന ആര്യാടന്‍ സാറിന്റെയും പ്രകാശേട്ടന്റെയും സ്വപ്‌നം പൂര്‍ത്തീകരിക്കുമെന്ന് വി.എസ്.ജോയി പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിന് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഒരു കയ്യും മെയ്യുമായി വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിതാവ് ചെയ്തുവച്ച കാര്യങ്ങല്‍ പൂര്‍ത്തീകരിക്കാനാണ് വോട്ട് ചേദിക്കുന്നതെന്ന് ഷൗക്കത്ത് പറഞ്ഞു. ചെറിയ തുരുത്തുകളായിരുന്ന നിലമ്പൂരിലെ പഞ്ചായത്തുകളിൽ പാലങ്ങളും റോഡുകളും ഉണ്ടാക്കി വികസനമെത്തിച്ചത് പിതാവാണ്. കഴിഞ്ഞ 9 വര്‍ഷം വികസന മുരടിപ്പാണ് നിലമ്പൂരില്‍. അതിനു മാറ്റം വരണം. മലയോര ജനത വന്യജീവികളുടെ ആക്രമണത്തില്‍ ജീവനും കൃഷിയും നഷ്ടപ്പെട്ട് നരകതുല്യമായ അവസ്ഥയിലാണ.് അവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണം. ആദിവാസികളടക്കമുള്ളവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
നേരത്തെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റ് തനിക്ക് നൽകണമെന്ന് പി.വി.അൻവർ ആവശ്യമുന്നയിച്ചിരുന്നു. യുഡിഎഫിൽ അംഗമാക്കുക എന്നതിനൊപ്പമാണ് പുതിയ ഉപാധികളും മുന്നോട്ടുവയ്ക്കുന്നത്. ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം തന്നോട് സംസാരിച്ച മുസ്‌ലിം ലീഗ് നേതാക്കളോടാണ് അൻവർ ഇക്കാര്യം ആവശ്യപ്പെട്ടത്. ആവശ്യം പരിഗണിക്കാമെന്നും കോൺഗ്രസിനെ അറിയിക്കാമെന്നും ലീഗ് നേതാക്കൾ അൻവറിന് മറുപടി നൽകിയിരുന്നു. തുടർന്നാണ് കുഞ്ഞാലിക്കുട്ടിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയത്. ഇനി നിലമ്പൂരിലെ വീട്ടിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃയോഗവും ചേരും. യുഡിഎഫ് പ്രവേശനവും സീറ്റ് അടക്കമുള്ള കാര്യങ്ങളും ഈ യോഗത്തിൽ ചർച്ചയാകും.
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയ ശേഷം അദ്ദേഹത്തിനെതിരെ പ്രതികരണം നടത്തിയ അൻവറിനെ ഒപ്പം കൂട്ടരുതെന്ന നിലപാട് കോൺഗ്രസിനുള്ളിലുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നിലമ്പൂരിൽ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യുഡിഎഫ് നേതൃയോഗം മണ്ഡലത്തിൽ ചേരും.