ADVERTISEMENT

മുംബൈ∙ രൂപയെ രാജ്യാന്തര കറൻസിയാക്കുന്നത് ലക്ഷ്യമിട്ട് അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്പ അനുവദിക്കുന്നതിനുള്ള നീക്കവുമായി ആർബിഐ. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അതതു രാജ്യങ്ങളിലെ ശാഖകള്‍ വഴി അവിടുത്തെ ഉപഭോക്താക്കള്‍ക്കു രൂപയില്‍ വായ്പ അനുവദിക്കുന്നതിന് ആർബിഐ കേന്ദ്രാനുമതി തേടി. ഇതാദ്യമായാണ് വിദേശ രാജ്യങ്ങളിൽ ഇന്ത്യന്‍ രൂപയില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള ആലോചനകൾ നടക്കുന്നത്. വ്യാപാരത്തിനായി രൂപയുടെ സ്വീകാര്യതയും ഉപയോഗവും പ്രോത്സാഹിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം ഇതിനുള്ള ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിനു കൈമാറിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

ബംഗ്ലദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ രൂപയില്‍ വായ്പ അനുവദിക്കുന്നത് പരിഗണിക്കാനാണ് ആർബിഐയുടെ ശുപാര്‍ശ. അനുമതി ലഭിച്ചാൽ രൂപയിലുള്ള ഇടപാടുകള്‍ അതിര്‍ത്തികൾ കടന്നുയരും. നീക്കം വിജയിച്ചാൽ കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള സാധ്യതകളും ഏറെയാണ്. വ്യാപാര ആവശ്യങ്ങള്‍ക്കാകും രൂപയില്‍ വായ്പ അനുവദിക്കുക. വിദേശത്ത് രൂപയില്‍ വായ്പ ലഭ്യമാക്കുന്നത്, രൂപയില്‍ വ്യാപാര ഇടപാടുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും വിദേശ കറന്‍സികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും ഉപകരിക്കും.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ ദക്ഷിണേഷ്യന്‍ വ്യാപാര ഇടപാടുകളില്‍ 90 ശതമാനവും ബംഗ്ലദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായാണ്. വിദേശത്ത് രൂപയുടെ സ്വീകാര്യത ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് രൂപയില്‍ അക്കൗണ്ട് തുറക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. നിലവിൽ, ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകൾ വിദേശ കറൻസികളിൽ വായ്പ നൽകുന്നതിൽ പരിമിതികൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരം വായ്പകൾ പ്രധാനമായും ഇന്ത്യൻ സ്ഥാപനങ്ങൾക്കാണു നൽകുന്നത്.

English Summary:

Indian Rupee: The Reserve Bank of India (RBI) aims to make the Indian Rupee an international currency by enabling Rupee loans in neighboring countries. This initiative will boost cross-border trade and reduce reliance on foreign currencies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com