‘24 മണിക്കൂറിനുള്ളിൽ ഒരു കോടി രൂപ നൽകിയില്ലെങ്കിൽ തട്ടിക്കളയും’: റാപ്പർക്ക് കാനഡയിൽനിന്ന് വധഭീഷണി

Mail This Article
മുംബൈ ∙ റാപ്പർ എമിവേ ബൻടായി എന്നറിയപ്പെടുന്ന മുഹമ്മദ് ബിലാൽ ഷെയ്ക്കിനു വധഭീഷണി. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിലെ നേതാവ് ഗോൾഡിബ്രാറാണ് റാപ്പർക്കെതിരെ വധഭീഷണി മുഴക്കിയതെന്നാണ് പരാതി. സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്തു. 24 മണിക്കൂറിനകം ഒരു കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഭീഷണിസന്ദേശം. ജയിലിലുള്ള ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ അനുയായിയാണു ഗോൾഡിബ്രാർ. പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയെ വധിച്ചതിലൂടെ കുപ്രസിദ്ധി നേടിയ ഗുണ്ടാസംഘത്തിൽപെട്ടവരാണ് ഇരുവരും.
തിങ്കളാഴ്ച മൂസാവാലയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് റാപ്പർ എമിവേ ബൻടായി പാട്ടുകൾ പുറത്തിറക്കിയിരുന്നു. മൂസാവാലയുമായി ഒന്നിച്ച് പ്രവർത്തിക്കാനിരിക്കേയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നു അനുസ്മരണക്കുറിപ്പിലൂടെ ബൻടായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണു വധഭീഷണിയെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. യുട്യൂബിൽ 2 കോടിയിലേറെപേർ പിന്തുടരുന്ന റാപ്പർക്ക് ഇൻസ്റ്റഗ്രാമിൽ 50 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്.