‘വിപിനെ മർദിച്ചിട്ടില്ല, ആരോപണങ്ങൾ കെട്ടിച്ചമച്ചത്, പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അയാൾ ചെയ്തു’

Mail This Article
കൊച്ചി∙ മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും തന്നെക്കുറിച്ചു മോശം കാര്യങ്ങൾ പറഞ്ഞുപരത്തിയതു ചോദിക്കുക മാത്രമാണു ചെയ്തതെന്നും ഉണ്ണി മുകുന്ദൻ. വിപിനുമായുള്ള തർക്കത്തിനിടെ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞെന്നതു സത്യമാണെന്നും താൻ നുണ പറയാറില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിൻ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരുന്നു. ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്ന് വ്യക്തമാക്കി കോടതി കേസ് തീർപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ഉണ്ണി മുകുന്ദൻ മാധ്യമങ്ങളോട് സംസാരിച്ചത്.
തന്നെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഉപകരണമായി പ്രവർത്തിക്കുകയാണോ വിപിൻ എന്ന് സംശയമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരുസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നവർ ആയിരിക്കാം അവരെന്നും എന്നാൽ പേരുകൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ചു വളരെ മോശമായി സംസാരിച്ചു നടക്കുന്നതിനെക്കുറിച്ച് അറിഞ്ഞിട്ട് സംസാരിക്കാനാണ് ഫ്ലാറ്റിൽ പോയത്. ഞങ്ങൾ എല്ലാവരും സ്ക്രിപ്റ്റ് ചർച്ചയ്ക്കായും മറ്റും ഇരിക്കുന്ന ഫ്ലാറ്റാണ് അത്. ആ വഴി പോകുന്നുണ്ട്, ഒന്നു കാണണമെന്ന് വിപിനോട് പറഞ്ഞു. ഒരു പൊതു സുഹൃത്തും കൂടെയുണ്ട്. വൈകാരികമായാണ് സംസാരിച്ചത്. ആ ക്ഷോഭത്തിൽ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞു എന്നത് സത്യമാണ്. പക്ഷേ വിപിനെ അടിച്ചിട്ടില്ല. കൂടെയുണ്ടായിരുന്ന ആള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ജാമ്യമെടുക്കേണ്ട കുറ്റമൊന്നും ചെയ്തിട്ടില്ല എന്നു പറയുന്നത്. സംസാരത്തിനൊടുവിൽ വിപിൻ കരയുകയും മാപ്പു പറയുകയും ചെയ്തെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ടൊവിനോയുടെ സിനിമയെക്കുറിച്ച് പറഞ്ഞു എന്നു പറയുന്നതെല്ലാം തെറ്റാണ്. ടൊവീനോ അടുത്ത സുഹൃത്താണ്. താൻ ഒരുക്കലും അദ്ദേഹത്തെ കുറിച്ച് മോശമായി പറയില്ല. എന്താണ് തന്നെക്കുറിച്ച് ഇത്ര മോശമായി സംസാരിക്കാൻ വിപിനെ പ്രേരിപ്പിച്ചത് എന്നറിയില്ല. വിപിനെതിരെ നേരത്തേയും പരാതികൾ ഉയർന്നിട്ടുണ്ട്. ഒരു പ്രമുഖ നടി ഫെഫ്കയിലും മറ്റൊരു നടി അമ്മയിലും പരാതി നൽകിയിട്ടുണ്ട്. പലർക്കും തന്നിലേക്ക് എത്താൻ സാധിക്കില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോഴാണ് എന്താണ് സംഭവിക്കുന്നത് എന്ന് തിരക്കിയത്. ആരുടെയൊക്കെയോ ഗൂഡാലോചന നടക്കുന്നുണ്ട്. അതിനാലാണ് വിപിനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. എന്റെ സിനിമകൾ വിജയിക്കുന്നതിന്റെ കാരണം ആളുകൾ കണ്ട് കയ്യടിക്കുന്നതുകൊണ്ടാണ്. എനിക്ക് ലോബിയോ ഗോഡ്ഫാദറോ ഇല്ല. കഷ്ടപ്പെട്ട് സിനിമയെടുക്കുന്ന ഒരാളാണെന്നും ആർക്കും തന്റെ ഗതി വരരുതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.