കൊല്ലം ∙ സംസ്ഥാന പ്രഫഷനൽ നാടക പുരസ്കാര നിർണയത്തെച്ചൊല്ലി വിവാദം. കഴിഞ്ഞ വർഷം 236 വേദികളിൽ അവതരിപ്പിച്ച ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ എന്ന നാടകത്തെ രാഷ്ട്രീയപ്രേരിതമായി ഒഴിവാക്കിയെന്ന ആരോപണവുമായി കെപിസിസി സാംസ്കാരിക വിഭാഗമായ സാഹിതി ചെയർമാൻ സി.ആർ. മഹേഷ് എംഎൽഎ രംഗത്തെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള നാടകത്തെ സ്വജനപക്ഷപാതത്തിന്റെയും നിക്ഷിപ്ത രാഷ്ട്രീയ താൽപര്യത്തിന്റെയും പേരിൽ പാടേ അവഗണിച്ചു. ഏകാധിപതിയായി പ്രവർത്തിക്കുന്ന അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി രാജിവയ്ക്കണം, ഇല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ സർക്കാർ തയാറാകണം. നാടകത്തിൽ അൽപംപോലും രാഷ്ട്രീയം കലർത്തിയിട്ടില്ല. വിഷയത്തിൽ സാംസ്കാരിക മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നു സംവിധായകൻ രാജേഷ് ഇരുളം, രചയിതാവ് ഹേമന്ദ്കുമാർ എന്നിവർ പറഞ്ഞു.

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഉൾപ്പെടെ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. തികച്ചും മുസ്‌ലിം പശ്ചാത്തലത്തിലുള്ള നാടകം 200ല്‍ അധികം ക്ഷേത്രങ്ങളിലെ വേദികളിലാണ് അവതരിപ്പിച്ചതെന്നത് നാടകത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. മേയ് 26 മുതൽ 30 വരെ നടന്ന മത്സരത്തിൽ എട്ടാമതായി സാഹിതിയുടെ നാടകം അവതരിപ്പിച്ചപ്പോൾ ഹർഷാരവങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്. ഇഎംഎസ് സാംസ്കാരിക പഠന കേന്ദ്രം (നോർത്ത് പറവൂർ) പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പ്രമുഖ പുരസ്കാരങ്ങൾ ഈ നാടകത്തിനു ലഭിച്ചിട്ടുണ്ട്.

‘വനിതാ മെസ്’ എന്ന നാടകത്തിനു സ്പെഷൽ ജൂറി പരാമർശം നൽകിയതിനെ കുറിച്ചും സെക്രട്ടറി വിചിത്രമായ മറുപടിയാണ് നൽകിയത്. ആ സംഘം നാടകാവതരണത്തിനു പോയപ്പോൾ അപകടമുണ്ടായെന്നും രണ്ടുപേർ മരിച്ചെന്നും അതുകൊണ്ടാണ് സ്പെഷൽ ജൂറി പരാമർശം നൽകിയതെന്നും സെക്രട്ടറി പറഞ്ഞു. കഴിവും പ്രതിഭയും മാനണ്ഡമാക്കാതെയാണ് വിധി നിർണയം നടത്തി എന്നതിന്റെ തെളിവാണിത്. കരിവള്ളൂർ മുരളിയുടെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ച് വി.ടി. മുരളി, ഫ്രാൻസിസ് ടി. മാവേലിക്കര എന്നിവർ എക്സിക്യൂട്ടീവ് അംഗത്വം രാജിവച്ചിരുന്നു.

ഇടതു സർക്കാരിന്റെ നോമിനിയായ മുരളി മുൻകാല അക്കാദമി സെക്രട്ടറിമാരിൽനിന്നു വിഭിന്നമായി നിക്ഷിപ്ത താൽപര്യങ്ങളോടെ പ്രവർത്തിക്കുന്നു എന്ന ആക്ഷേപം നാടക പ്രവർത്തകർക്ക് ഇടയിലുണ്ട്. ഇദ്ദേഹം വിധികർത്താവായിരുന്ന മുൻകാല മത്സരങ്ങളും വിവാദമായിരുന്നു. പുരസ്കാരങ്ങൾ നേടിയ പല അനർഹരും ആഴ്ചകളോളം അക്കാദമിയിൽ കയറിയിറങ്ങി നടത്തിയ സ്വാധീനത്തിൽ സെക്രട്ടറി പദവി ദുരുപയോഗം ചെയ്തെന്നും മഹേഷ് പറഞ്ഞു.

മുച്ചീട്ടുകളിക്കാരന്റെ മകളെ അവഗണിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വിധികർത്താക്കൾ ബാലിശമായ മറുപടിയാണ് നൽകിയത്. രാജേഷ് ഇരുളം സംവിധാനവും ഹേമന്ദ്കുമാർ രചനയും നിർവഹിച്ച മറ്റൊരു നാടകമാണ് മികച്ച നാടകമായി തിരഞ്ഞെടുത്തത്. ഒരു ടീമിന്റെ രണ്ടു നാടകം പരിഗണിക്കില്ലെന്ന അക്കാദമി സെക്രട്ടറിയുടെ മറുപടിയിൽ എന്തു യുക്തിയാണുള്ളതെന്നും അവർ ചോദിച്ചു.

സി.ആർ മഹേഷിന്റെ പത്രക്കുറിപ്പിൽ അക്കാദമി ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. പ്രസക്ത ഭാഗങ്ങൾ:

2024 വർഷ ആദ്യത്തിൽ പുറത്തിറങ്ങിയ സാഹിതിയുടെ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന നാടകം കേരളത്തിലാകമാനം ഏറെ പ്രതീക്ഷയോടെ 236 വേദികൾ പിന്നിട്ടു.  ഇഎംഎസ് സാംസ്കാരിക പഠന കേന്ദ്രം നോർത്ത് പറവൂർ, കൈരളി ഗ്രന്ഥശാല കടയ്ക്കൽ, ഒ‍ാച്ചറി പരബ്രഹ്മോദയം, അഡ്വ.വെഞ്ഞാറംമൂട് രാമചന്ദ്രൻ, സ്മാരക അവാർഡ്, യൗവ്വന ഒ‍ാച്ചിറ, പ്രോഗ്രസീവ് ഗ്രന്ഥശാല പൊന്മന, എറണാകുളം പിഒസി, തൃശൂർ ബീച്ച് ഫെസ്റ്റ് മെഡിമിക്സ് അവാർഡ്, സർഗ ക്ഷേത്ര ചങ്ങനാശ്ശേരി ചാവറ പ്രഫഷനൽ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം തുടങ്ങി കേരളത്തിലെ വിവിധ സാംസ്കാരിക കലാ സംഘടനകൾ സംഘടിപ്പിച്ച പ്രാദേശിക നാടക മത്സരങ്ങളിൽ ഇരുന്നൂറിലധികം പ്രാദേശിക പുരസ്കാരങ്ങൾ കരസ്ഥമാക്കുകയുണ്ടായി.

പൂർണമായും മുസ്‌ലിം പശ്ചാത്തലമുള്ളതും മുസ്‌ലിം കഥാപാത്രങ്ങൾ നിറഞ്ഞതുമായ ഈ നാടകത്തിന്റെ ഇരുന്നൂറിന് മുകളിലുള്ള വേദികൾ ക്ഷേത്ര വേദികളായിരുന്നു എന്നത് മാറിയ കാലത്തെ പ്രതിലോമ സാഹചര്യങ്ങൾ ഏറെ ശുഭപ്രതീക്ഷ നൽകുന്നതും വിപ്ലവകരമായ ഒരു മുന്നേറ്റമായി സാഹിതി വിലയിരുത്തുന്നു. വൈക്കം മുഹമ്മദ് ബഷീർ എന്ന പ്രവാചക സ്വരമുള്ള ജനകീയനായ എഴുത്തുകാരന്റെ കഥാപ്രപഞ്ചത്തിന് മുന്നിൽ എല്ലാം ഭിന്നതയും മറന്ന് മനുഷ്യൻ കല, സ്നേഹം, നന്മ തുടങ്ങിയ മനുഷ്യത്വത്തിന്റെ ഏക ബിന്ദുവിൽ ഒന്നിക്കുന്ന കാഴ്ചകളായിരുന്നു സാഹിതിയുടെ ഒ‍ാരോ അവതരണ വേദികളും. മത്സര നാടകങ്ങളിൽ എട്ടാമതായി അവതരിപ്പിക്കപ്പെട്ട മുച്ചീട്ടു കളിക്കാരന്റെ മകൾ നാടകത്തെ ഹർഷാരവങ്ങളോടെയാണു പ്രേക്ഷകർ ഏറ്റെടുത്തത്. അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ഈ നാടകത്തെ പരിപൂർണമായും ഒഴിവാക്കിയതിൽ വ്യാപകമായ പ്രതിഷേധം നാടക പ്രേക്ഷകർക്കിടയിൽ നിന്നും കലാകാര സമൂഹത്തിൽ നിന്നും ഉയർന്നു വരുന്നുണ്ട്.

സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, ഡോ.ഷിബു എസ് കൊട്ടാരം, അഡ്വ.വെൺകുളം ജയകുമാർ, എൽസി എന്നീ നാലുപേർ അടങ്ങുന്ന ജൂറിയാണ് നാടകങ്ങളെ വിലയിരുത്തിയത്. ഇടതുപക്ഷ സർക്കാരിന്റെ നോമിനിയായ കരിവള്ളൂർ മുരളി മുൻകാലങ്ങളിൽ പ്രവർത്തിച്ച അക്കാദമി സെക്രട്ടറിമാരിൽ നിന്നും വിഭിന്നമായി നിക്ഷിപ്ത താൽപര്യങ്ങളോടെയും ഏകാധിപത്യ പ്രവണതയോടെയും പ്രവർത്തിക്കുന്നു എന്ന ആക്ഷേപം നാടക പ്രവർത്തകർക്കിടയിൽ നിന്നു മുൻപും ഉയർന്നു വന്നിട്ടുണ്ട്. ഇദ്ദേഹം വിധി കർത്താവായിരുന്ന മുൻകാല മത്സരങ്ങളും വിവാദങ്ങൾ വിളിച്ചു വരുത്തിയവ ആയിരുന്നു. ജൂറികളെ നോക്കു കുത്തികളാക്കി ഇദ്ദേഹം ഇദ്ദേഹത്തിന്റെ താൽപര്യങ്ങൾ നിവർത്തിച്ചെടുക്കുകയാണു പതിവ് എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ വനിതാ മെസ് എന്ന നാടകത്തിന് സ്പെഷൽ ജൂറി പരാമർശം നൽകിയതിനെക്കുറിച്ച് സെക്രട്ടറി പറയുന്ന വിചിത്രമായ അഭിപ്രായം ശ്രദ്ധേയമാണ്. വനിതാ മെസ് എന്ന നാടകം അവതിരിപ്പിച്ച സംഘം മാസങ്ങൾക്ക് മുൻപ് അപകടത്തിൽപ്പെടുകയും അതിൽ രണ്ടു കലാകാരികൾ മരണപ്പെടുകയും ചെയ്തതിനാൽ നാടകത്തിന് സ്പെഷൽ ജൂറി പരാമർശം നൽകുന്നു എന്നാണ് സെക്രട്ടറി പറഞ്ഞത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കോ നാടക സംഘത്തിനോ ധനസഹായം ഒന്നും നൽകാതെ കഴിവും പ്രതിഭയും മാനദണ്ഡമാകേണ്ട ഒരു നാടക മത്സരത്തിൽ പ്രത്യേക പരാമർശം നൽകിയതു കൊണ്ടു ദുരന്തത്തിന് ഇരയയാവർക്ക് ഗുണമേതുമുണ്ടാകുന്നില്ല. എന്നു മാത്രമല്ല മറ്റുള്ളവർക്കു നൽകേണ്ടിയിരുന്ന പരിഗണന ഇല്ലാതാക്കുക കൂടിയാണ് ഈ പ്രവൃത്തിയിലൂടെ സംഭവിച്ചത്. അക്കാദമി വാഗ്ദാനം ചെയ്ത 25,000 രൂപ പ്രസ്തുത സമിതിക്ക് നൽകാത്ത സാഹചര്യത്തിൽ സാഹിതിയിലെ കലാകാരന്മാർ 50,000 രൂപയുടെ വേതനത്തിൽ നിന്നും നൽകുകയുണ്ടായി.

കരിവള്ളൂർ മുരളിയുടെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ച് വി.ടി മുരളി, ഫ്രാൻസിസ് ടി.മാവേലിക്കര എന്നീ എക്സിക്യൂട്ടീവ് അംഗങ്ങൾ രാജിവച്ചു പോയി. മറ്റാരോടും ചർച്ച ചെയ്യാതെ തോന്നുന്നതു പോലെയാണ് സെക്രട്ടറിയായ ഇദ്ദേഹം സംഗീത നാടക അക്കാദമിയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ നാടക സീസണിൽ ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച് രാഷ്ട്രീയ ഭേദമെന്യേ പൊതു സമ്മതി നേടിയ നാടകമാണ് സാഹിതി തീയേറ്റേഴസിന്റെ മുച്ചീട്ടുകളിക്കാരന്റെ മകൾ.

ഇത്രയേറെ ജനകീയമായ അർഥവത്തായ ഇതിവൃത്തത്തോട് ഇണങ്ങി ചേർന്ന ഗാനങ്ങളുടെ ശിൽപികളെ പരിഗണിക്കാതെ പോലും ചെയ്യാതെ തഴഞ്ഞു. ഈ നാടകത്തെ തിരഞ്ഞെടുത്ത് അധിക്ഷേപിക്കുന്ന, അപമാനിക്കുന്ന, ധിക്കാരപരവും അഹങ്കാരവും നിറഞ്ഞ നടപടിയാണ് കരിവള്ളൂർ മുരളിയിൽ നിന്നുണ്ടായത്. വനിതാ മെസ് എന്ന നാടക സംഘത്തിന് അപകടപ്പെട്ടു എന്ന കാരണത്താൽ അർഹതപ്പെട്ട ധന സഹായം നൽകാതെ അവാർഡ് നിർണയത്തിൽ ജൂറി പരാമർശം നടത്തി പരിഹസിച്ച് ഔചിത്യമില്ലാത്ത സെക്രട്ടറിയുടെ നടപടി അത്യാഹിതപ്പെട്ടാൽ പരിഗണന കൂടും അംഗീകരിക്കപ്പെടും എന്ന തെറ്റായ സന്ദേശമാണു നൽകുന്നത്. നിരുത്തരവാദപരവും ഏകാധിപത്യപരവുമായ സമീപനങ്ങളാൽ അനഭിമതനായ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി രാജിവയ്ക്കണം. അല്ലെങ്കിൽ സർക്കാർ അദ്ദേഹത്തെ പുറത്താക്കണം.

English Summary:

Kerala State Professional Drama Awards are embroiled in controversy: C.R. Mahesh MLA alleges political bias in excluding the highly acclaimed play "Muchittukilikkaaranute Makal." Demands for the Academy Secretary's resignation follow accusations of authoritarianism and vested interests.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com