പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചു, ലഹരിക്കടത്തിനായി വീണ്ടും ഒന്നിച്ചു; കേറ്ററിങ് മറയാക്കി കച്ചവടം: യുവാവും യുവതിയും അറസ്റ്റിൽ

Mail This Article
കോങ്ങാട് (പാലക്കാട്) ∙ കേരളശ്ശേരി കുണ്ടളശ്ശേരിയിൽ നിന്ന് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി അറസ്റ്റിലായ മണ്ണൂർ കമ്പനിപ്പടി കള്ളിക്കലിൽ സരിതയും (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലും (30) കേറ്ററിങ് മറയാക്കി ഒന്നരവർഷമായി ലഹരിമരുന്നിന്റെ മൊത്തക്കച്ചവടമാണു നടത്തിയിരുന്നതെന്നു പൊലീസ്.
ഇരുവരും പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചവരാണ്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. യുവാവ് അവിവാഹിതനും. ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വർണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബെംഗളൂരുവിൽ കൊണ്ടുപോയതെന്നാണു യുവതി പൊലീസിനോടു പറഞ്ഞതെങ്കിലും ലഭിച്ച തെളിവുകളിൽനിന്ന് ഇരുവരും ഒരുമിച്ച് ലഹരിക്കച്ചവടം നടത്തുന്നതായി പൊലീസിനു വ്യക്തമായി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. സുനിൽ ബോക്സിങ്, കുങ്ഫു താരമാണ്. എംകോം പൂർത്തിയാക്കിയിട്ടുണ്ട്. ഇദ്ദേഹം കുണ്ടളശ്ശേരിയിൽ വാടകക്കെട്ടിടത്തിൽ നടത്തുന്ന കേറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തിയത്.`