നിലമ്പൂരിൽ പത്രിക സമർപ്പിച്ച് സ്ഥാനാർഥികൾ, കൈക്കൂലി കേസിൽ ഇ.ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് കോടതി–പ്രധാന വാർത്തകൾ

Mail This Article
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്ഥാനാർഥികളെല്ലാം നാമനിർദേശ പത്രിക സമർപ്പിച്ചത് ഇന്നത്തെ മുഖ്യ വാർത്തകളിലൊന്നായി. മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാനുള്ള പൊലീസിന്റെ തീരുമാനവും വലിയ വാർത്താ പ്രാധാന്യം നേടി. കൈക്കൂലി കേസിൽ വിജിലൻസ് ഒന്നാം പ്രതിയാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതും ഇന്ന് മുഖ്യ വാർത്തകളിൽ ഇടം പിടിച്ചു. അറിയാം മറ്റു പ്രധാന വാർത്തകളും.
കൈക്കൂലി കേസിൽ വിജിലൻസ് ഒന്നാം പ്രതിയാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി ഇ.ഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ജസ്റ്റിസ് പി.ജി.അജിത് കുമാർ തടഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ശേഖർ കുമാറിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തി കൊണ്ടാണ് കോടതിയുടെ നടപടി. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 10 ദിവസത്തിനകം മറുപടി നൽകാനും വിജിലൻസിന് കോടതി നിർദേശം നൽകി.
നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി.വി.അൻവർ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഎം പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു, മന്ത്രി അബ്ദുറഹിമാൻ എന്നിവർക്കൊപ്പം എത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചത്. നിലമ്പൂർ താലൂക്ക് ഓഫിസിന് തൊട്ടടുത്തുള്ള ജംക്‌ഷനിൽനിന്ന് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പ്രകടനമായെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
സിക്കിമിലെ ചാറ്റെനിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാംപ് തകർന്ന് മൂന്നുപേർ മരിച്ചു. ആറു സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. ഞായറാഴ്ച രാത്രി 7 മണിയോടെയുണ്ടായ കനത്ത മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു. നിസ്സാര പരുക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിക്കിമിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ആയിരത്തിലധികം വിനോദസഞ്ചാരികൾ വിവിധയിടങ്ങളിൽ കുടുങ്ങി.
മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാന്‍ പൊലീസ്. കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് 35 കേസുകളും അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 21 കേസുകള്‍ അവസാനിപ്പിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമാനമായി ബാക്കി 14 കേസുകള്‍ കൂടി ഈ മാസം അവസാനിപ്പിക്കും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം കോടതിയില്‍ നല്‍കുന്നതോടെ ഹേമകമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ കേസുകളും അവസാനിക്കും.
പിഎസ്‌സിയുടെ നിയമനശുപാർശകൾ പൂർണമായി ഡിജിറ്റലാകുന്നു. നിയമനവുമായി ബന്ധപ്പെട്ട അഡ്വൈസ് മെമ്മോ തപാൽമാർഗം അയയ്ക്കുന്ന രീതി നിർത്തലാക്കി ജൂലൈ ഒന്നു മുതൽ ഡിജിറ്റലാക്കും. നിയമനശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്കു കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണിത്. നിയമനശുപാർശ ക്യുആർ കോഡ് സഹിതം ഉദ്യോഗാർഥിയുടെ പ്രൊഫൈലിൽ ലഭ്യമാക്കുമെന്ന് പിഎസ്‌സി അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇത് ഡൗൺലോഡ് ചെയ്ത് ആധികാരികത ഉറപ്പാക്കാം.