ഭീകരവാദത്തിനെതിരെ തുടർച്ചയായ പിന്തുണ: ബ്രസീലിന് നന്ദി അറിയിച്ച് പാർലമെന്ററി പ്രതിനിധി സംഘം

Mail This Article
ബ്രസീലിയ ∙ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് തുടർച്ചയായി പിന്തുണ നൽകുന്ന ബ്രസീലിന് നന്ദി അറിയിച്ച് പാർലമെന്ററി പ്രതിനിധി സംഘം. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന്റെ ഭാഗമായി ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയുടെ പ്രധാന ഉപദേശകൻ ഷെൽസോ അമൊറിമുമായി നടത്തിയ കൂടികാഴ്ചയിലാണ് ശശി തരൂർ എംപി നയിക്കുന്ന പാർലമെന്ററി പ്രതിനിധി സംഘം ബ്രസീലിന് നന്ദി അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യയുടെ നടപടികൾ വിശദീകരിച്ച സംഘം സമാധാനം, സുരക്ഷ, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത പങ്കുവയ്‌ക്കുകയും ഭീകരവാദത്തിനെതിരെ ആഗോള സഹകരണം ശക്തിപ്പെടേണ്ടതിന്റെ ആവശ്യം വിശദീകരിക്കുകയും ചെയ്തു. കൊളംബിയ സന്ദർശിച്ച ശേഷമാണ് പ്രതിനിധി സംഘം ബ്രസീലിൽ എത്തിയത്. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന്റെ ഭാഗമായി ഏഴ് പാർലമെന്ററി പ്രതിനിധി സംഘങ്ങളാണ് വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത്.