ADVERTISEMENT

ദിസ്‌‌പുർ∙ പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയെ ഭീഷണിപ്പെടുത്തിയ പാക്കിസ്ഥാന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബ്രഹ്മപുത്ര നദിയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് തടയാൻ ചൈനയ്ക്കു കഴിയുമെന്ന പാക്കിസ്ഥാന്റെ ഭീഷണിക്കാണ് അദ്ദേഹം തിരിച്ചടി നൽകിയിരിക്കുന്നത്. ബ്രഹ്മപുത്ര നദിയിലെ വെള്ളത്തിന്റെ 30–35 ശതമാനം മാത്രമേ ചൈനയിൽ നിന്നുള്ളുവെന്നും 65–70 ശതമാനം വെള്ളവും ഇന്ത്യയിൽ ഒഴുകുന്ന നദികളിൽ നിന്നും മഴയിൽ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം. 

‘മഴയെ ആശ്രയിച്ചുള്ള നദീതടമാണ് ബ്രഹ്മപുത്ര. ഇന്ത്യയിലേക്കു പ്രവേശിച്ചതിനു ശേഷം അത് കൂടുതൽ ശക്തിയോടെ ഒഴുകുന്നു. ബ്രഹ്മപുത്ര നദി ഇന്ത്യ–ചൈന അതിർത്തിയിലൂടെ ഇന്ത്യയിലേക്കു പ്രവേശിക്കുമ്പോൾ അതിന്റെ ജലപ്രവാഹം സെക്കൻഡിൽ 2000 മുതൽ 3000 ക്യുബിക് മീറ്റർ വരെയാണ്. മൺസൂൺ സമയത്ത്, അസം സമതലങ്ങളിൽ നദിയുടെ ജലപ്രവാഹം സെക്കൻഡിൽ 15000–20000 ക്യുബിക് മീറ്ററായി വർധിക്കുന്നു. ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന നിയന്ത്രിച്ചാൽപ്പോലും (ചൈന ഒരിക്കലും ഭീഷണിപ്പെടുത്തുകയോ ഒരു ഔദ്യോഗികമായി അറിയിക്കുകയോ ചെയ്തിട്ടില്ല) അത് ഇന്ത്യയ്ക്കു ഗുണകരമാകും. കാരണം, എല്ലാ വർഷവും ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുന്നതിലൂടെ അസമിൽ വെള്ളപ്പൊക്കം രൂപപ്പെടുകയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും ചെയ്യുന്നു. ഒഴുക്ക് നിയന്ത്രിക്കാൻ ചൈന തീരുമാനിച്ചാൽ ഇന്ത്യയിലെ ഈ പ്രളയ സാഹചര്യം ലഘൂകരിക്കാൻ സാധിച്ചേക്കും’– ഹിമന്ത ബിശ്വ ശർമ കുറിച്ചു. 

അരുണാചൽ പ്രദേശ്, അസം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ പെയ്യുന്ന മഴയിലൂടെയും സുബാൻസിരി, ലോഹിത്, കാമെങ്, മനസ്, ധൻസിരി, ജിയ-ഭരാലി, കോപ്പിലി തുടങ്ങിയ പോഷക നദികളിലൂടെയും മറ്റുമാണ് ബ്രഹ്മപുത്രയിലെ വെള്ളത്തിന്റെ അളവ് വർധിക്കുന്നതെന്നും ബ്രഹ്മപുത്ര ഇന്ത്യയിൽ വളരുകയാണ്, അല്ലാതെ ചുരുങ്ങുകയല്ലെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ബ്രഹ്മപുത്ര ഒരൊറ്റ സ്രോതസ്സിന്റെ നിയന്ത്രണത്തിൽ വരുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

English Summary:

Assam CM refutes Pakistan's threat: Himanta Biswa Sarma counters Pakistan's concerns about China controlling the Brahmaputra River, emphasizing the river's largely Indian-originated water source and the potential flood mitigation benefits from China controlling its flow.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com