അങ്കണവാടിയിൽ പുതിയ മെനു; സംസ്ഥാനത്ത് കോവിഡ് പരിശോധന നിർബന്ധം, കർണാടകയിൽ വൻ ബാങ്ക് കൊള്ള - പ്രധാനവാർത്തകൾ വായിക്കാം

Mail This Article
അങ്കണവാടിയിൽ പുതിയ മെനു, കർണാടകയിൽ വൻ ബാങ്ക് കൊള്ള, പാക്ക് ഭീഷണിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി, സംസ്ഥാനത്ത് കോവിഡ് പരിശോധന നിർബന്ധം, അൻവറിന്റെ പത്രിക തള്ളി തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്‍റെ പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയെ ഭീഷണിപ്പെടുത്തിയ പാക്കിസ്ഥാന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബ്രഹ്മപുത്ര നദിയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് തടയാൻ ചൈനയ്ക്കു കഴിയുമെന്ന പാക്കിസ്ഥാന്റെ ഭീഷണിക്കാണ് അദ്ദേഹം തിരിച്ചടി നൽകിയിരിക്കുന്നത്.
അങ്കണവാടികളിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് നൽകി വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച ‘മാതൃകാ ഭക്ഷണ മെനു’ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തത്.
കർണാടകയിൽ വൻ ബാങ്ക് കൊള്ള. കാനറ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കവർച്ച നടന്നത്. ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5 ലക്ഷത്തിലധികം രൂപയും കവർന്നു. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം 53 കോടിയോളം രൂപ വിലവരും.
സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി (ഇന്‍ഫ്‌ളുവന്‍സ ലൈക്ക് ഇല്‍നെസ്-ഐഎല്‍ഐ), ശ്വാസസംബന്ധമായ അസുഖം (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍-എസ്എആര്‍ഐ) ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും കോവിഡ്-19 പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.