ഫിഷ് നിർവാണയ്ക്ക് വോട്ടിട്ട് പ്രതിനിധി സംഘം; കേരളീയ വിഭവങ്ങളൊരുക്കി ഷെഫ് പിള്ള

Mail This Article
ഗുലാം നബി ആസാദിന്റെയും അസദുദ്ദീൻ ഉവൈസിയുടെയും വോട്ട് ‘ഫിഷ് നിർവാണ’യ്ക്ക്. കഴിച്ചു കഴിഞ്ഞപ്പോൾ കേരളത്തിൽ എത്തിയതു പോലെ ഒരു തോന്നലും! പണ്ട് കൊച്ചിയിലെത്തിയപ്പോൾ ഷെഫ് പിള്ളയുടെ നിർവാണ കഴിച്ചത് ആസാദ് ഓർത്തെടുത്തു. ഹോട്ടൽ തുടങ്ങാൻ ഷെഫിന് ഹൈദരാബാദിലേക്കു ഉവൈസിയുടെ ക്ഷണവും. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ നിലപാട് ലോക രാജ്യങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തെയാണ് കേരള സ്പെഷൽ വിഭവങ്ങൾ തന്ത്രപരമായി കുടുക്കിയത്.
ബഹ്റൈനിലെത്തിയ ഇന്ത്യൻ സംഘം ഷെഫ് പിള്ളയുടെ ഹോട്ടലിലാണ് ആഹാരം കഴിച്ചത്. ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം ഷെഫ് പിള്ളയുടെ ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. നിഷികാന്ത് ദുബെ, ഫാങ്‌നോൺ കൊന്യാക്, രേഖ ശർമ, സത്‌നം സിങ് സന്ധു, മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ ഹർഷ് വർധൻ ശ്രിംഗ്‌ല എന്നിവരായിരുന്നു പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾ.
പ്രതിനിധിസംഘം ബഹ്റൈനിലെത്തിയതിന്റെ തലേദിവസമാണ് ഇന്ത്യൻ എംബസിയിൽനിന്ന് അറിയിപ്പു ലഭിച്ചതെന്ന് ഷെഫ് പിള്ള മനോരമ ഓൺലൈനോടു പറഞ്ഞു. ‘‘എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ഉച്ചഭക്ഷണം തയാറാക്കാമെന്നും ഞങ്ങൾ അറിയിച്ചു. തനി കേരളീയ വിഭവങ്ങളാണു പ്രതിനിധി സംഘത്തിനായി ഒരുക്കിയത്. അപ്പം, പൊറോട്ട, വിവിധ മീൻ വിഭവങ്ങൾ, ചിക്കൻ വിഭവങ്ങൾ എല്ലാം സംഘാംഗങ്ങൾ കഴിച്ചു. ഫിഷ് നിർവാണയാണ് എല്ലാവർക്കും ഇഷ്ടപ്പെട്ടത്. ഒന്നര മണിക്കൂറോളമാണ് സംഘം ഹോട്ടലിൽ ചെലവഴിച്ചത്’’ – ഷെഫ് പിള്ള പറഞ്ഞു.
എവിടെയൊക്കെയാണ് ശാഖകൾ ഉള്ളതെന്നു ചോദിച്ചറിഞ്ഞ ശേഷമാണ് സംഘാംഗങ്ങൾ മടങ്ങിയത്. എല്ലാവരും ഭക്ഷണത്തെപ്പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും ഒരുപാട് സ്നേഹം പങ്കിട്ടാണ് പിരിഞ്ഞതെന്നും ഷെഫ് പിള്ള പറഞ്ഞു. ബൈജയന്ത് ജയ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്നലെ ഇന്ത്യയിൽ മടങ്ങിയെത്തിയിരുന്നു. സംഘം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി.