‘സർവകലാശാല പരിപാടികൾക്ക് മൂക്കുകയറിടുന്നു’: എസ്എഫ്ഐ പ്രതിഷേധം, പിന്നാലെ വിവാദ ഉത്തരവ് പിൻവലിച്ചു

Mail This Article
കണ്ണൂർ ∙ കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന പരിപാടികളിൽ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണ സമിതി രൂപീകരിച്ച് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ചു. സിൻഡിക്കേറ്റ് യോഗത്തിലാണ് വൈസ് ചാൻസലർ ഇക്കാര്യം അറിയിച്ചത്. വൈസ് ചാൻസലർ ഡോ.കെ.കെ.സാജുവിന്റെ നിർദേശപ്രകാരം റജിസ്ട്രാർ ഏഴംഗ സമിതി രൂപീകരിച്ച് ഉത്തരവിറക്കിയതാണ് വിവാദമായത്. ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മാർച്ച് നടത്തി.
സർവകലാശാലയിലെ പരിപാടികൾക്ക് മൂക്കുകയറിടുന്നതാണ് ഉത്തരവെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ചിലർ സർവകലാശാലയിലെ പരിപാടികളിൽ അടുത്തിടെ പങ്കെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ പരാതി ഉന്നയിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് വിവാദ ഉത്തരവിറക്കിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. പ്രതിഷേധ മാർച്ചിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.