ആശങ്കയ്ക്കു വിരാമം; ട്രംപ് - മസ്ക് തർക്കം ബഹിരാകാശ ദൗത്യത്തെ ബാധിക്കില്ലെന്ന് അധികൃതർ

Mail This Article
ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്പേസ് എക്സ് ഉടമ ഇലോൺ മസ്കുമായുള്ള തർക്കം ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഉൾപ്പെടെയുള്ള നാലംഗ സംഘത്തിന്റെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ദൗത്യത്തെ ബാധിക്കില്ലെന്ന് അധികൃതർ. മുൻനിശ്ചയിച്ച പ്രകാരം 10 ന് ഇന്ത്യൻ സമയം വൈകിട്ട് 5.52ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ബഹിരാകാശ സംഘം പറക്കുമെന്ന് അധികൃതർ പറഞ്ഞു. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്‌പേസിന്റെ ആക്സിയം 4 ദൗത്യം സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലേറിയാണു യാത്ര പുറപ്പെടുന്നത്. യുഎസിലെ ഫ്ലോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററിൽനിന്നാണു വിക്ഷേപണം.
ട്രംപ് - മസ്ക് ബന്ധം വഷളായതിനു പിന്നാലെ, ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്‌സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഡ്രാഗൺ പേടകം ഡീകമ്മിഷൻ ചെയ്യാനുളള നടപടികൾ സ്പെയ്സ് എക്സ് ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്കും പ്രതികരിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഉൾപ്പെടെയുള്ള നാലംഗ സംഘത്തിന്റെ ദൗത്യവും ആശങ്കയിലായിരുന്നു. എന്നാൽ ഡ്രാഗൺ പേടകം ഡീകമ്മിഷൻ ചെയ്യില്ലെന്ന് പിന്നീട് മസ്ക് വ്യക്തമാക്കി.
നാസ ബഹിരാകാശയാത്രികയായിരുന്ന പെഗ്ഗി വിറ്റ്‌സൺ ആണ് ആക്സിയം-4 (ആക്സ്-4) ദൗത്യത്തിന്റെ കമാൻഡർ. യൂറോപ്യൻ സ്‌പേസ് ഏജൻസിയിലെ ബഹിരാകാശയാത്രികനും മിഷൻ സ്പെഷലിസ്റ്റുമായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് മറ്റ് അംഗങ്ങൾ. ശുഭാൻഷുവാണു ദൗത്യത്തിന്റെ പൈലറ്റ്. യാത്ര പൂർത്തീകരിക്കുന്നതോടെ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാകും ശുഭാംശു. രാജ്യാന്തര ബഹിരാകാശനിലയത്തിൽ ആദ്യമെത്തുന്ന ഇന്ത്യക്കാരനും അദ്ദേഹമാകും.