തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ചു, അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്– പ്രധാനവാർത്തകൾ

Mail This Article
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, ചെനാബ് റെയിൽവേ ആർച്ച് പാലം നാടിന് സമർപ്പിച്ച് മോദി, രാജ്യസഭാ പ്രവേശനത്തിന് കമൽ ഹാസൻ, അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്, ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയെന്ന് വാൻസ് തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഐഫൽ ടവറിനേക്കാൾ ഉയരമുള്ള, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇതോടെ, കശ്മീർ താഴ്‌വര ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി റെയിൽവേ ലൈൻ വഴി ‘കണക്ട്’ ആയി. ഓപ്പറേഷൻ സിന്ദൂറിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്.
മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽ ഹാസൻ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലാണു കമൽ ഹാസൻ പത്രിക സമർപ്പിച്ചത്.
കിളിമാനൂരില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി വ്യാജപരാതി നല്‍കിയ അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയ്ക്ക് എതിരെയാണു കിളിമാനൂര്‍ പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തത്. കുട്ടിയുടെ മാതാവില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടുനിന്നു.