‘നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടം; ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നത് ഇടതു മുന്നണി; അത് വോട്ടിൽ പ്രതിഫലിക്കും’

Mail This Article
കോഴിക്കോട്∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം കേരള രാഷ്ട്രീയത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്ന് ഇടതു മുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. ഇടതു മുന്നണി കൂടുതൽ വിപുലമാക്കാനും അടിത്തറ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. മുന്നണിയെ വിപുലപ്പെടുത്താനുള്ള കാര്യങ്ങൾ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യുമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് നിലമ്പൂരിൽ നടക്കുകയെന്ന് രാമകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ പോരാട്ടമാണ്. നിലമ്പൂർ മണ്ഡലത്തിലെ വോട്ടർമാർ ഉചിതമായ തീരുമാനമെടുക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ ഇടതു മുന്നണിയാണ് ഏറ്റെടുക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാം. അത് വോട്ടിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേമപെൻഷൻ ആദ്യമായി നൽകിയത് നായനാർ സർക്കാരാണ്. ഇടതു മുന്നണിയുടെ കാലത്താണ് പെൻഷൻ 1600 രൂപ വരെ വർധിപ്പിച്ചത്. അതു വാങ്ങുന്ന 62 ലക്ഷം പേരെ അപഹസിക്കുകയാണ് ‘പെൻഷൻ കൈക്കൂലി’ ആണെന്നു പറഞ്ഞ കെ.സി.വേണുഗോപാലും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതാക്കളും. ഇതേ നിലപാടാണോ മുസ്‌ലീം ലീഗിനെന്ന് അവർ വ്യക്തമാക്കണമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
പെൻഷൻ ഇനിയും വർധിപ്പിക്കാനുള്ള തീരുമാനത്തിൽ തന്നെയാണ് സർക്കാർ. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽത്തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അൻവർ ഒരു അടഞ്ഞ അധ്യായമാണ്. അൻവർ എന്തിനാണ് ഇടതു മുന്നണി വിട്ടത്. യുഡിഎഫിലേക്ക് എടുക്കാം എന്നു പറഞ്ഞ അവർ ഇപ്പോൾ അൻവറിനെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. അഴിമതിയുടെ കറ പുരളാത്തതുകൊണ്ടാണ് പിണറായി വിജയനെയും സർക്കാരിനെയും പി.വി.അൻവറിന്റെ ആരോപണങ്ങൾ ബാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.