ജലന്ധർ രൂപതയ്ക്ക് പുതിയ അധ്യക്ഷൻ; ഫാ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ നിയമിച്ച് മാർപാപ്പ

Mail This Article
കോട്ടയം∙ പഞ്ചാബിലെ ജലന്ധർ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ (63) ലിയോ പതിനാലാമന്‍ മാർപാപ്പ നിയമിച്ചു. നിലവില്‍ രൂപതയുടെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്ററായി സേവനം അനുഷ്ഠിച്ചുവരികയാണ് ഫാ.ജോസ്. പാലാ രൂപതയിൽപെട്ട ചെമ്മലമറ്റം ഇടവകാംഗമാണ്. 1978-ല്‍ തൃശൂരിലെ മൈനര്‍ സെമിനാരിയിലാണ് ഫാ.ജോസ് തന്റെ പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചത്. 1982നും 1991നും ഇടയില്‍ നാഗ്പുരിലെ സെന്റ് ചാള്‍സ് ഇന്റര്‍-ഡയോസെണ്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. പിന്നീട് 2002 മുതല്‍ 2004 വരെ റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍സ് നേടി.
തുടർന്ന് ജലന്ധർ രൂപതയിലെ ഒട്ടേറെ പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. പിന്നീട് മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പിന്നീട് സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായും നിയമിതനായി. 1996 മുതല്‍ 2002 വരെ, അമൃത്സറിലെ സെന്റ് ഫ്രാന്‍സിസ് പള്ളിയുടെയും പിന്നീട് ജാന്‍ഡിയാല ഗുരുവിന്റെ ഡീനും ഇടവക പുരോഹിതനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. രൂപതാ വിദ്യാഭ്യാസ ബോര്‍ഡ്, പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍, കരിസ്മാറ്റിക് ടീം എന്നിവയിലും അദ്ദേഹം അംഗമായിരുന്നു.
2007 മുതല്‍ 2020 വരെ അദ്ദേഹം രൂപതയുടെ ചാന്‍സലറും ജുഡീഷ്യല്‍ വികാരിയുമായിരുന്നു. ജലന്ധറിലെ ഹോളി ട്രിനിറ്റി റീജനൽ മേജര്‍ സെമിനാരിയിലും അദ്ദേഹം പഠിപ്പിച്ചു. ദൈവശാസ്ത്ര വിഭാഗം മേധാവിയായും സെമിനാരിയുടെ ഗവേണിങ് കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 മുതല്‍ 2022 വരെ, ഫാ. ജോസ് ജലന്ധര്‍ കന്റോണ്‍മെന്റിലെ സെന്റ് മേരീസ് കത്തീഡ്രലിന്റെ റെക്ടറായും ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു. 2022 മുതല്‍ അദ്ദേഹം രൂപതയുടെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുകയാണ്. നിലവില്‍ ഫഗ്വാരയിലെ സെന്റ് ജോസഫ്‌സ് പള്ളിയുടെ ഇടവക വികാരിയും സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളിന്റെ ഡയറക്ടറുമാണ് അദ്ദേഹം.