ന്യൂഡൽഹി∙ പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യയിലേക്കു തിരിച്ചുവിടാൻ കനാൽ നിർമിക്കുന്ന പദ്ധതിയുമായി ഇന്ത്യ. ഇതിനുള്ള രൂപരേഖ തയാറാക്കി കഴിഞ്ഞതായാണ് വിവരം. ആദ്യഘട്ടത്തിൽ ബിയാസ് നദിയിൽനിന്നുള്ള വെള്ളം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് വഴിതിരിച്ചുവിടുന്നതിന് 130 കിലോമീറ്റർ നീളത്തിലുള്ള കനാൽ രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ കനാലിന്റെ നീളം 70 കിലോമീറ്ററാക്കി വർധിപ്പിച്ച് യമുനയിലേക്ക് ഈ വെള്ളമെത്തിക്കും. ഇതോടെ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നീ മേഖലകളിൽ വെള്ളമെത്തും.

പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് തടസ്സപ്പെടുന്നത് റാബി വിളവിനെ ബാധിക്കും. ‘‘റാബി സീസണിൽ ഒരു മാസത്തോളം വെള്ളം തടസ്സപ്പെട്ടാൽ അത് വിളവിനെ ബാധിക്കും. കുടിവെള്ള വിതരണത്തിനും വെല്ലുവിളിയാകും. മൺസൂൺ ലഭിച്ചതിനാൽ പാക്കിസ്ഥാനിലെ ഖാരിഫ് വിളവെടുപ്പിന് വലിയ പ്രശ്നങ്ങളുണ്ടാകില്ല.’’–മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.

അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ഇതുവരെ ഇന്ത്യയ്ക്ക് നാല് കത്തുകൾ അയച്ചെന്ന് റിപ്പോർട്ട്. കരാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാക്ക് ജലവിഭവ വകുപ്പ് സെക്രട്ടറി സയ്യീദ് അലി മുർത്താസ ഇന്ത്യൻ ജൽ ശക്തി വകുപ്പിന് അയച്ച കത്തുകൾ നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നടപടി അവസാനിപ്പിച്ചെന്ന് ബോധ്യപ്പെടുന്നതുവരെ തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചെന്നാണ് വിവരം. നേരത്തെ സിന്ധു നദീജല കരാറിൽ പുനഃപരിശോധന വേണമെന്നും അതിൽ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ട് 2023 ജനുവരിയിലും 2024 സെപ്റ്റംബറിലും ഇന്ത്യ അയച്ച കത്തുകളോട് പാക്കിസ്ഥാൻ അനുകൂല സമീപനം കാണിച്ചിരുന്നില്ല. എന്നാൽ കരാർ ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെ ചർച്ച ആവശ്യവുമായി പാക്കിസ്ഥാൻ ഇന്ത്യയെ സമീപിക്കുകയായിരുന്നു.

English Summary:

Indus Waters Treaty: India's water dispute with Pakistan over the Indus Waters Treaty continues. Pakistan's requests for a review are under consideration while India is progressing with a canal project to divert water, impacting Pakistan's agriculture and water supply.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com