‘രാഹുൽ ഗാന്ധി ഉത്തരവാദിത്തമില്ലാത്ത പ്രതിപക്ഷ നേതാവ്, ദൈവം നല്ല ബുദ്ധി നൽകട്ടെ’

Mail This Article
ന്യൂഡൽഹി∙ രാഹുൽ ഗാന്ധി ഉത്തരവാദിത്തമില്ലാത്ത പ്രതിപക്ഷ നേതാവാണെന്നും അടിസ്ഥാനരഹിതമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ 11 വർഷത്തെ ഭരണം, വരുത്തിയ നല്ല മാറ്റങ്ങൾ സുവർണ ലിപികളിൽ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
‘‘കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിന്റെ 10 വർഷം കുംഭകോണങ്ങൾ, പ്രീണനം, നിഷേധാത്മകത എന്നിവ നിറഞ്ഞതായിരുന്നു. അവയ്ക്ക് മോദി സർക്കാർ അന്ത്യം കുറിച്ചു. ദൈവം രാഹുൽ ഗാന്ധിക്ക് നല്ല ബുദ്ധി നൽകട്ടെ. അദ്ദേഹത്തിന്റെ ലക്ഷ്യം മനസ്സിലാക്കാൻ പ്രയാസമാണ്. അദ്ദേഹം സർവകക്ഷി യോഗത്തിൽ പങ്കെടുക്കുകയും രാജ്യത്തോടൊപ്പം നിൽക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു. അദ്ദേഹം പുറത്തുപോയി അടിസ്ഥാനരഹിതമായ ചോദ്യങ്ങൾ ഉന്നയിക്കുന്നു. അദ്ദേഹം ഒരു ഉത്തരവാദിത്തമില്ലാത്ത പ്രതിപക്ഷത്തിന്റെ വേഷം കളിക്കുകയാണെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ.’’ – നഡ്ഡ പറഞ്ഞു.
സർക്കാരിന്റെ സ്ഥിരതയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എൻഡിഎ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് നഡ്ഡ പറഞ്ഞു. ‘‘ഞങ്ങളുടെ സർക്കാർ ശക്തമാണ്. ഈ ടേമിലും അടുത്ത ടേമിലും അത് അഞ്ച് വർഷം നിലനിൽക്കും. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വികസിത ഭാരതത്തിന് അടിത്തറയിട്ടു. ജനങ്ങളുടെ പങ്കാളിത്തത്തോടെ അതിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ വിജയകരമായി മുന്നേറുകയാണെന്നും നഡ്ഡ പറഞ്ഞു.