‘സംതിങ് വെന്‍റ് റോങ്’: മറുപടിയില്ലാതെ ചാറ്റ് ജിപിടി, വെബിലും ആപ്പിലും പ്രവർത്തനം തടസ്സപ്പെട്ടു

Mail This Article
ന്യൂഡൽഹി∙ ജനകീയ നിർമിതബുദ്ധി പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. ചാറ്റ്ബോട്ടിന്റെ പ്രവർത്തനത്തിൽ തടസ്സമുണ്ടാകുന്നെന്നും പ്രതികരിക്കുന്നില്ലെന്നും ലോകമെമ്പാടു നിന്നുള്ള ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിൽ പരാതിപ്പെടുന്നുണ്ട്. വെബിലും ആപ്പിലും ലോഗിൻ പ്രശ്നങ്ങൾ നേരിടുണ്ടെന്നാണ് പരാതി.
പ്രോംപ്റ്റുകള്‍ക്ക് ‘സംതിങ് വെന്‍റ് റോങ്’, ‘സെര്‍ച്ചിങ് ഫോര്‍ വെബ്’ തുടങ്ങിയ മറുപടികളാണ് ലഭിക്കുന്നതെന്ന് ഒട്ടേറെ ഉപയോക്താക്കൾ പറയുന്നു. വൈകീട്ട് 4 മണി വരെ ഇന്ത്യയിൽ ഏകദേശം 800ലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യുഎസിൽ ഏകദേശം 1100 പരാതികൾ റജിസ്റ്റർ ചെയ്തു. യുകെയിലെ 1,450ലധികം ഉപയോക്താക്കൾ ചാറ്റ്ജിപിടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിഷയം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് സ്റ്റാറ്റസ് പേജിലെ ഒരു സന്ദേശത്തിൽ ഓപ്പൺ എഐ വ്യക്തമാക്കി. ചാറ്റ്ജിപിടിക്ക് പുറമേ ടെക്സ്റ്റ് പ്രോംപ്റ്റുകളില്‍നിന്ന് വിഡിയോ ജനറേറ്റ് ചെയ്യുന്ന ‘സോറ’ പ്ലാറ്റ്ഫോമിന്‍റെ പ്രവര്‍ത്തനത്തിലും തടസങ്ങളുണ്ടെന്ന് ഓപ്പണ്‍ എഐ അറിയിച്ചു. ഇന്ത്യയിലെ പരാതികളിൽ 84 ശതമാനം പേര്‍ അടിസ്ഥാന പ്രവർത്തനത്തിലെ പ്രശ്നങ്ങളും 14 ശതമാനം പേര്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ പ്രശ്നങ്ങളുമാണ് ഉന്നയിച്ചിരിക്കുന്നത്.