മൾട്ടിപ്ലക്സുകളിൽ തോന്നുംപോലെ; സിനിമ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ സംവിധാനം വേണം, സർക്കാരിന് ഹൈക്കോടതി നോട്ടിസ്

Mail This Article
കൊച്ചി ∙ സംസ്ഥാനത്തെ സിനിമ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചു. സിനിമ തിയറ്ററുകളില്‍, പ്രത്യേകിച്ച് മൾട്ടിപ്ലക്സുകളിൽ തോന്നിയ നിരക്കിലാണ് ടിക്കറ്റ് വില ഉയർത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിന് നിയന്ത്രണം കൊണ്ടുവരാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം തിരുവാർപ്പ് സ്വദേശിയായ മനു നായർ.ജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് സർക്കാരിന് നോട്ടിസ് അയച്ചത്. കേസ് ജൂലൈ ഒന്നിന് പരിഗണിക്കും.
മൾട്ടിപ്ലക്സുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിനു മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇക്കാര്യം നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങളൊന്നും നിലവിലില്ല. ആവശ്യം കൂടുന്നതിന് അനുസരിച്ച് നിരക്ക് വർധിപ്പിക്കുകയാണെന്നും രാജ്യത്തെ പ്രമുഖ തിയറ്റർ ശൃംഖലകളായ പിവിആർ, സിനിപൊലിസ്, കാർണിവൽ സിനിമ, ഐനോക്സ് തുടങ്ങിയവയെ എതിർ കക്ഷികളാക്കി കൊണ്ടുള്ള ഹർജി പറയുന്നു. 1958ലെ കേരള സിനിമാസ് (നിയന്ത്രണ) നിയമത്തിന്റെ അടിസ്ഥാനത്തിൽ അധികൃതരുടെ മേൽനോട്ടമോ പൊതുവായ അനുമതിയോ ഇല്ലാതെയാണ് തിയറ്ററുകൾ നിരക്ക് വർധിപ്പിക്കുന്നത് എന്ന് ഹർജിയില്‍ പറയുന്നു.
എന്നാൽ കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നത് തടയാൻ സംവിധാനങ്ങളുണ്ടെന്ന് ഹർജി പറയുന്നു. ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. സിനിമ ജനങ്ങൾക്കുള്ള ഒരു സാംസ്കാരിക പ്രവൃത്തിയായി ഈ സർക്കാരുകൾ കണക്കാക്കുന്നതു കൊണ്ടാണ് ഇത്. എന്നാൽ കേരളത്തിൽ ഇത് സംഭവിക്കുന്നില്ലെന്നും അതിനാൽ ഇക്കാര്യത്തിൽ സംവിധാനം ഒരുക്കണമെന്നും ഹർജിയിൽ പറയുന്നു.