ഫ്ലാറ്റിൽ തീപിടിത്തം; രക്ഷപ്പെടാൻ ബാൽക്കണിയിൽനിന്നു ചാടിയ പിതാവിനും മക്കൾക്കും ദാരുണാന്ത്യം

Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിലെ ദ്വാരകയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽനിന്നു രക്ഷപ്പെടാനായി താഴേക്കു ചാടിയ പിതാവിനും മക്കൾക്കും ദാരുണാന്ത്യം. 10 വയസ്സുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയും അവരുടെ പിതാവ് യാഷ് യാദവുമാണ് സ്വയംരക്ഷയ്ക്കായി ബാൽക്കണിയിൽനിന്നും ചാടിയത്. യാഷ് യാദവിന്റെ ഭാര്യയും മൂത്ത മകനും അഗ്നിബാധയിൽനിന്ന് രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദ്വാരക സെക്ടർ 13ലെ എംആർവി സ്‌കൂളിനു സമീപമുള്ള ശപത് സൊസൈറ്റി എന്ന റസിഡൻഷ്യൽ കെട്ടിടത്തിന്റെ 8,9 നിലകളിലാണ് തീപിടിത്തമുണ്ടായത്. ഇന്നു രാവിലെ 9.58ന് ആയിരുന്നു സംഭവം. 8 അഗ്നിരക്ഷാസേന യൂണിറ്റുകളാണ് സ്ഥലത്തെത്തി തീയണച്ചത്.
ഫ്ലാറ്റിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ചു. തുടർന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. താഴത്തെ നിലകളിലുണ്ടായിരുന്നവർക്ക് പെട്ടെന്ന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞുവെന്നും എന്നാൽ മുകളിലുള്ളവർക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. ചില താമസക്കാർ ബാൽക്കണിയിൽ കയറി സഹായത്തിനായി കൈ കാണിക്കുന്നത് കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.