ADVERTISEMENT

തിരുവനന്തപുരം∙ ട്രെയിന്‍ തട്ടി മരിച്ച പതിനേഴുകാരന്റെ മൃതദേഹം പൊലീസ് ബന്ധുക്കളെ അറിയിക്കാതെ സംസ്‌കരിച്ചെന്നു പരാതി. വെമ്പായം തേക്കട സ്വദേശി അഭിജിത്തിന്റെ മൃതദേഹമാണ് ‘അജ്ഞാത മൃതദേഹം’ എന്നു പറഞ്ഞു പൊലീസ് സംസ്‌കരിച്ചത്. അഭിജിത്ത് മാര്‍ച്ച് 5ന് ട്രെയിന്‍ തട്ടി മരിച്ചെന്ന വിവരം സുഹൃത്തുക്കള്‍ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ പൊലീസിനെയോ ബന്ധുക്കളെയോ അറിയിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

അഭിജിത്തിനെ കാണാനില്ലെന്ന് കഴിഞ്ഞ മാര്‍ച്ച് 14ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 5ന് അഭിജിത്ത് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ച കാര്യം ബന്ധുക്കള്‍ അറിയുന്നത് ഇന്നലെ മാത്രം. അപ്പോഴേക്കും അജ്ഞാത മൃതദേഹം എന്ന് പറഞ്ഞ് മൃതദേഹം പേട്ട പൊലീസ് സംസ്‌കരിച്ചിരുന്നു. പൊലീസിനു സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും മരണത്തിലും സംസ്‌കാരത്തിലും ദുരൂഹതയെന്നും കുടുംബം ആരോപിച്ചു. 

മാര്‍ച്ച് മൂന്നിനു ശേഷമാണ് അഭിജിത്തിനെ കാണാതായത്. തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കുറച്ചു ദിവസം കാത്തു. തുടര്‍ന്ന് മാര്‍ച്ച് 14നാണ് വട്ടപ്പാറ പൊലീസില്‍ കുടുംബം പരാതി നല്‍കിയത്. എന്നാല്‍ മാര്‍ച്ച് 5ന് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ച അഭിജിത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അഭിജിത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും രണ്ടു മാസമായി അഭിജിത്തിന് എന്തു സംഭവിച്ചുവെന്നു കണ്ടെത്താന്‍ വട്ടപ്പാറ പൊലീസിനു കഴിഞ്ഞില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെടുന്നു.

ഒടുവില്‍ സുഹൃത്തിനെ ഇന്നലെ അമ്മ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. അപ്പോഴാണ് അഭിജിത്ത് മാര്‍ച്ച് 5നു പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ച വിവരം പൊലീസും  ബന്ധുക്കളും അറിയുന്നത്. തുടര്‍ന്ന് പേട്ട പൊലിസിനെ ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം ഏപ്രില്‍ 15ന് അജ്ഞാത മൃതദേഹം എന്ന് പറഞ്ഞു സംസ്‌കരിച്ചു എന്ന വിവരമാണറിയുന്നത്. 

റെയില്‍വെ ട്രാക്കില്‍നിന്ന് അജ്ഞാത മൃതദേഹം കിട്ടിയ വിവരം പേട്ട പൊലീസ് വട്ടപ്പാറ ഉള്‍പ്പെടെയുള്ള എല്ലാ സ്റ്റേഷനുകളിലേക്കും മാര്‍ച്ച് അഞ്ചിന് രാത്രി തന്നെ കൈമാറിയിട്ടുണ്ട്. പക്ഷേ അവര്‍ ശ്രദ്ധിച്ചില്ല. പതിനേഴുകാരന്റെ തിരോധാനം സംബന്ധിച്ച് പരാതി ഉണ്ടായിട്ടും ഇക്കാര്യം പരിശോധിക്കാൻ പോലും പൊലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

English Summary:

Family Alleges Police Negligence in Death and Cremation of 17-Year-Old: Police negligence led to the cremation of a 17-year-old's body without informing his family.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com