വിവാഹം അടുത്ത വർഷത്തേയ്ക്ക് മാറ്റി; മരണത്തിനു തൊട്ടുമുൻപ് അഞ്ജലി പ്രതിശ്രുത വരനെ ബന്ധപ്പെടാൻ ശ്രമിച്ചു

Mail This Article
സൂറത്ത്∙ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവ മോഡൽ അഞ്ജലി വർമോറ (23) മരണത്തിനു മുൻപ് പ്രതിശ്രുത വരനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി പൊലീസ്. അഞ്ജലിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായും ഈ വർഷം കല്യാണം നടത്താനായിരുന്നു പദ്ധതിയെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. എന്നാൽ പ്രതിശ്രുത വരന്റെ അമ്മ മരിച്ചതോടെ വിവാഹം അടുത്തവർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വീട്ടിലുള്ളവർ തിരിച്ചെത്തിയപ്പോൾ അഞ്ജലിയുടെ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത അകത്തു കടന്നപ്പോഴാണ് അഞ്ജലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ജലി മാനസിക സമ്മർദത്തിലൂടെ കടന്നുപോകുകയാണെന്ന് തോന്നിയിരുന്നില്ലെന്നാണ് പ്രതിശ്രുത വരൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. മരണത്തിന് മുൻപ് അഞ്ജലി സമൂഹമാധ്യമത്തിൽ വൈകാരികമായ ചില കുറിപ്പുകൾ പങ്കുവച്ചിരുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് അന്വേഷിക്കുകയാണെന്നും ഡിസിപി വിജയ് സിങ് ഗുർജർ പറഞ്ഞു.