മുഖ്യമന്ത്രിക്കസേരയ്ക്കായി ചിരാഗ് പസ്വാൻ, ജെഡിയുവിൽ അങ്കലാപ്പ്; മുന്നണി ദുർബലമാകുമെന്ന ആശങ്കയിൽ ബിജെപി

Mail This Article
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്റെ നീക്കത്തിൽ ജെഡിയു നേതൃത്വത്തിന് അങ്കലാപ്പ്. തിരഞ്ഞെടുപ്പിനു ശേഷം ചിരാഗ് പസ്വാൻ വൻ വിലപേശൽ നടത്താൻ സാധ്യതയുണ്ടെന്നതാണു ജെഡിയുവിനെ അലട്ടുന്നത്. ലോക്സഭാ സീറ്റു വിഭജന അനുപാതത്തിൽ 28 നിയമസഭാ സീറ്റുകൾ വരെ ചിരാഗ് പസ്വാന്റെ എൽജെപിക്കു (റാംവിലാസ്) ലഭിച്ചേക്കും.
സംവരണ മണ്ഡലമൊഴിവാക്കി ജനറൽ സീറ്റിൽ മൽസരിക്കുന്ന ചിരാഗ് പസ്വാൻ ഭാവി മുഖ്യമന്ത്രിയെന്ന പ്രതിഛായ സൃഷ്ടിക്കാനാണു ശ്രമിക്കുന്നത്.
മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ബിഹാറിൽ ചിരാഗ് പസ്വാന്റെ പാർട്ടി 15 സീറ്റിലധികം നേടിയാൽ ഏതു മുന്നണി ഭരിക്കണമെന്നു തീരുമാനിക്കുന്ന നിർണായക ശക്തിയാകും. എൻഡിഎ തുടർഭരണത്തെ അട്ടിമറിക്കാൻ ശേഷിയുള്ള ഘടകകക്ഷിയായി എൽജെപി (റാംവിലാസ്) വളർന്നേക്കും. കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിച്ചു സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങുന്ന ചിരാഗ് പസ്വാന്റെ ലക്ഷ്യം വെറുമൊരു മന്ത്രിസ്ഥാനമല്ലെന്നു വ്യക്തം. ഉപമുഖ്യമന്ത്രി പദത്തിനു ചിരാഗ് പസ്വാൻ അർഹനാണെന്ന അവകാശവാദം പാർട്ടി നേതാക്കൾ പരസ്യമായി ഉന്നയിക്കുന്നുമുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റു തർക്കത്തെ തുടർന്ന് എൻഡിഎ വിട്ട ചിരാഗ് പസ്വാൻ ജെഡിയുവിന് എതിരെ മാത്രമാണു സ്ഥാനാർഥികളെ നിർത്തിയത്. ജെഡിയു – എൽജെപി (റാംവിലാസ്) ശീതയുദ്ധം തിരഞ്ഞെടുപ്പിൽ മുന്നണിയെ ദുർബലമാക്കുമെന്ന ആശങ്ക ബിജെപിക്കുമുണ്ട്.