തീപിടിക്കുന്ന വസ്തുക്കൾ, കീടനാശിനികൾ; കപ്പലിലെ കണ്ടെയ്നറുകളിൽ എന്തൊക്കെ? സമ്പൂർണ പട്ടിക പുറത്ത്

Mail This Article
തിരുവനന്തപുരം∙ കണ്ണൂര്‍ അഴീക്കലില്‍നിന്ന് 44 നോട്ടിക്കല്‍ മൈല്‍ (81.4 കിലോമീറ്റര്‍) അകലെ തീപിടിച്ച ചരക്കു കപ്പലില്‍ ഉള്ള അപകടകരമായ വസ്തുക്കളുടെ പട്ടിക പുറത്തുവന്നു. ഡയറക്ടര്‍ ജനറല്‍ ഷിപ്പിങ് പുറത്തുവിട്ട പട്ടിക ചീഫ് സെക്രട്ടറി അംഗീകരിച്ചതാണ്. തീപിടിക്കുന്ന വസ്തുക്കളും ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന രാസവസ്തുക്കളും കീടനാശിനികളുമാണ് കണ്ടെയ്‌നറുകളില്‍ ഉള്ളത്. 157 കണ്ടെയ്‌നറുകളിലെ വസ്തുക്കളുടെ വിവരങ്ങള്‍ അടങ്ങിയ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷന്റെ മാർഗരേഖ പ്രകാരം ക്ലാസ് 6.1ൽ വരുന്ന കീടനാശിനികളടക്കമുള്ള കൊടിയ വിഷവസ്തുക്കൾ കണ്ടെയ്നറുകളിലുണ്ട്. 20 കണ്ടെയ്നറുകളിൽ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയാണ്.ഒരു കണ്ടെയ്നറിൽ 27,786 കിലോഗ്രാം ഈതൈൽ ക്ലോറോഫോർമേറ്റ് എന്ന മറ്റൊരു കീടനാശിനിയുണ്ട്. ഡൈമീതൈൽ സൾഫേറ്റ്, ഹെക്സാമെതിലിൻ ഡൈസോ സയനേറ്റ് തുടങ്ങി ജീവനാശ ഭീഷണിയുയർത്തുന്ന മറ്റു കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്നറുകളിലുണ്ട്.
പരിസ്ഥിതിക്കു ഭീഷണിയുയർത്തുന്ന ബെൻസോ ഫെനോൺ, ട്രൈക്ലോറോ ബെൻസീൻ, 167 പെട്ടി ലിഥിയം ബാറ്ററികൾ എന്നിവയുമുണ്ട്.40 കണ്ടെയ്നറുകളിൽ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട് (ക്ലാസ് 3). എഥനോൾ, പെയിന്റ്, ടർപന്റൈൻ, പ്രിന്റിങ് ഇങ്ക്, വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ഈതൈൽ മീഥൈൽ കീറ്റോൺ എന്നിവയുമുണ്ട്.
19 കണ്ടെയ്നറുകളിൽ തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട് (ക്ലാസ് 4.1). ഒരു കണ്ടെയ്നറിൽ ആൽക്കഹോൾ അടങ്ങിയ നൈട്രോ സെല്ലുലോസ്, 12 കണ്ടെയ്നറുകളിൽ നാഫ്തലീൻ, ഒരു കണ്ടെയ്നറിൽ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കൾ, 4 കണ്ടെയ്നറുകളിൽ പാരാ ഫോർമാൽഡിഹൈഡ് എന്നിവയുണ്ട്.വായുസമ്പർക്കമുണ്ടായാൽ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കൾ മറ്റൊരു കണ്ടെയ്നറിലുണ്ട്. പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കൾ ഉൾപ്പെടുന്ന ക്ലാസ് 4.2ൽ ആണ് ഇതു വരുന്നത്.
പട്ടികയുടെ പൂർണരൂപം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക