കുത്തനെ ഇറക്കത്തിൽ വളവ്, ബസ് മലക്കംമറിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു; വില്ലനായി കനത്ത മഴ

Mail This Article
നയ്‌റോബി ∙ കെനിയയില്‍ 5 മലയാളികളടക്കം 6 പേർ മരിച്ച വാഹനാപകടം കനത്ത മഴയിൽ ബസിന്റെ നിയന്ത്രണം വിട്ടതിനെ തുടർന്നെന്ന് വിവരം. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. കെനിയയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയിലായിരുന്നു അപകടം.
പരുക്കേറ്റവരെ പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേറ്റവർ ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ബസ് പലതവണ മലക്കംമറിഞ്ഞാണ് താഴ്ചയിലേക്കു പതിച്ചത്. അപകടത്തില്‍ 27 പേർക്കാണ് പരുക്കേറ്റത്. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായാണ് ഇവർ കെനിയയിൽ എത്തിയത്.
തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇന്ന് ഖത്തറിലേക്കു മടങ്ങാനായിരുന്നു തീരുമാനം. അതിനിടെയാണ് ഏവരെയും നടുക്കി ബസ് അപകടമുണ്ടായത്.