‘അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അവർ പറഞ്ഞു; പക്ഷേ അമ്മ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു’

Mail This Article
കൊച്ചി ∙ കെനിയയിൽ അപകടത്തിൽ മരിച്ച മലയാളി, തിരുവല്ല മല്ലപ്പള്ളി ആനിക്കാട് പനവേലിൽ സ്വദേശി ഗീത ഷോജി ഐസക് ഖത്തറിലെ സ്പെഷൽ സ്കൂൾ അധ്യാപിക. വർഷങ്ങളായി ഖത്തറിലാണ് ഗീതയും ഭർത്താവും താമസിക്കുന്നത്. ഖത്തറിൽനിന്ന് ഒരാഴ്ചത്തെ വിനോദയാത്രയ്ക്കായിരുന്നു സംഘം പുറപ്പെട്ടതെന്നും അമ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നും മകൻ പറഞ്ഞു. കലൂർ സ്റ്റേഡിയത്തിനു സമീപമുള്ള ഫ്ലാറ്റിലാണ് മകനും കുടുംബവും താമസിക്കുന്നത്.
‘‘ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടായിരുന്നു അപകടം. മുപ്പത്തിയഞ്ചോളം പേർ ബസിൽ ഉണ്ടായിരുന്നു. അപകടത്തിനു പിന്നാലെ ആംബുലൻസുകളെത്തി വിവിധ ആശുപത്രികളിലേക്കു യാത്രക്കാരെ മാറ്റി. എന്റെ അമ്മയും അച്ഛനും സഹോദരനും ബസിൽ ഉണ്ടായിരുന്നു. ഏതൊക്കെ ആശുപത്രികളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് എംബസിയിൽനിന്ന് വിവരം ലഭിച്ചിരുന്നു.
എന്നാൽ, അമ്മയുടെ കാര്യം അവർ ഉറപ്പിച്ച് പറഞ്ഞിരുന്നില്ല. നോക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് അവർ പറഞ്ഞത്. 12 മണിക്കൂറോളം അങ്ങനെതന്നെ അവർ പറഞ്ഞു. എന്നാൽ, സംഭവസ്ഥലത്തുതന്നെ അമ്മ മരിച്ചിരുന്നു. അത് അവർക്ക് അറിയാമായിരുന്നു, അത് പറയാതിരിക്കുകയായിരുന്നു. വൈകിട്ടോടെയാണ് ഇക്കാര്യം അറിയുന്നത്. അച്ഛനും സഹോദരനും പരുക്കേറ്റിട്ടുണ്ട്. സഹോദരനു ശസ്ത്രക്രിയ വേണം. അത് ഇന്ത്യയിലോ ഖത്തറിലോ എത്തിയിട്ടേ ചെയ്യാൻ സാധിക്കൂ. പുറംവേദന കാരണം പിതാവിനു നടക്കാൻ പറ്റുന്ന സാഹചര്യമല്ല. അമ്മയുടെ മൃതദേഹം എയർലിഫ്റ്റ് ചെയ്ത് നെയ്റോബിയിൽ എത്തിച്ചിട്ടുണ്ട്.’’ – മകൻ പറഞ്ഞു. ഗീതയുടെ ഭർത്താവിന്റെ സഹോദരൻ കെനിയയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മകൻ പറഞ്ഞു.