കെനിയയിൽ വിനോദയാത്രയ്ക്കിടെ വാഹനാപകടം: മരിച്ചവരിൽ 5 പേരും മലയാളികൾ

Mail This Article
ദോഹ ∙ ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്ക് (58), തൃശൂർ പാവറട്ടി സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), ജസ്നയുടെ 18 മാസം പ്രായമായ കുഞ്ഞ് റൂഹി മെഹ്റിൽ മുഹമ്മദ്, ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ (41), ടൈറ റോഡ്രിഗ്വസ് (8), എന്നിവരാണ് മരിച്ചത്.
സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലെ ഗിചാക്കയിൽ വച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്കു മറിഞ്ഞായിരുന്നു അപകടം. 27 പേർക്ക് പരുക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ നയ്റോബിയിലെ ആശുപത്രിയിലേക്കു മാറ്റും.

14 മലയാളികളും കർണാടക, ഗോവൻ സ്വദേശികളും സംഘത്തിലുണ്ടെന്നാണു വിവരം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ന്യാഹുരുരുവിലെ ഹോട്ടലിലേക്കു പോകുകയായിരുന്നു യാത്രാസംഘം. മൂന്നു ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവറുമടക്കം 32 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സൂചന. അതിനിടെ ശക്തമായ മഴ പെയ്തതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. റോഡിൽ തെന്നിനീങ്ങിയ ബസ് ഒരു മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും 5 മലയാളികൾ മരണപ്പെട്ടതായാണ് വിവരമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നോർക്ക റൂട്‍സ് വഴി ലോകകേരള സഭാംഗങ്ങൾ ഇടപെട്ടിട്ടുണ്ട്. പരുക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നെയ്റോബിയിലെ ആശുപത്രികളിലേക്കു മാറ്റുമെന്ന് ലോക കേരള സഭാംഗങ്ങൾ അറിയിച്ചു.
നിലവില്‍ നെഹ്റൂറുവിലെ ആശുപത്രികളില്‍ കഴിയുന്ന പരുക്കേറ്റവരെ രാത്രിയോടെ റോഡു മാര്‍ഗമോ എയര്‍ ആംബുലന്‍സിലോ നെയ്റോബിയിലെത്തിക്കാൻ ആകുമെന്നും അപകടത്തില്‍ മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങളും നെയ്റോബിയിലേക്ക് കൊണ്ടുപോകുമെന്നും അവർ അറിയിച്ചു. നെയ്റോബിയിലെ നക്റൂ, അഗാക്കാന്‍ ആശുപത്രികളില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കും.
കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ ഹെല്‍പ്പ് ഡെസ്കിലേയ്ക്ക് 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും ), +91-8802012345 (മിസ്ഡ് കോൾ, വിദേശത്തു നിന്നും) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.