ADVERTISEMENT

കൊച്ചി ∙ വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ പ്രിയങ്ക ഗാന്ധി എംപിക്ക് ഹൈക്കോടതി നോട്ടിസ്. എന്‍ഡിഎ സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടിസ് അയച്ചത്. 2 മാസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് നിർദേശിട്ടുണ്ട്. നവ്യ ഹരിദാസിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഓഗസ്റ്റിൽ പരിഗണിക്കാൻ മാറ്റി. 

നാമനിർദേശ പത്രികയിൽ സ്വത്ത് വിവരം മറച്ചുവച്ച് തിര‍ഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് പ്രിയങ്ക ഗാന്ധിക്കെതിരെയുള്ള ഹർജിയിലെ പ്രധാന ആരോപണം. സ്വത്ത് വിവരം മറച്ചുവച്ച് പ്രിയങ്ക വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തി. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ജില്ലാ കലക്‌ടർ മുമ്പാകെ സമർപ്പിച്ച നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്ക് 11.98 കോടി രൂപയുടെ ആസ്‌തി ഉണ്ടെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വെളിപ്പെടുത്തൽ. ഭർത്താവ് റോബർട്ട് വാധ്‌രയുടെ ആസ്‌തി 65.55 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിലുണ്ടായിരുന്നു. 

കോടിക്കണക്കിന് രൂപയുടെ ഭൂമിയുടെ വിവരങ്ങളും ഷെയർ ഉൾപ്പെെടയുള്ളവയും മറച്ചു വച്ചാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് എന്ന് ഹർജിയിൽ പറയുന്നു. മാത്രമല്ല, റോബർട്ട് വാധ്രയുടെ പേരിലുള്ള സ്വത്തുവിവരങ്ങൾ മുഴുവൻ വെളിപ്പെടുത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിലാണ് പ്രിയങ്ക ഗാന്ധി 2024ൽ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ പ്രിയങ്ക 6,22,338 വോട്ടുകളും ഇടതു സ്ഥാനാർഥി സത്യൻ മൊകേരി 2,11,407 വോട്ടുകളും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് 1,09,939 വോട്ടുകളും നേടി.

English Summary:

Kerala High Court Notice Priyanka Gandhi Over Election Petition: Priyanka Gandhi faces a Kerala High Court challenge to her Wayanad Lok Sabha victory. The petition alleges she concealed asset information, violating election rules, and seeks nullification of her win.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com