ADVERTISEMENT

കൊച്ചി ∙ ലക്ഷദ്വീപിലെ സ്കൂളുകളിൽ ഭാഷാപഠനത്തിന് ഇതുവരെയുണ്ടായിരുന്ന സംവിധാനം തുടരാൻ ഹൈക്കോടതി ഉത്തരവ്. സ്കൂള്‍ സിലബസിൽ നിന്ന് പ്രാദേശിക മഹൽ, അറബിക് ഭാഷകൾ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി ഉത്തരവ്. സ്കൂള്‍ സിലബസിൽ ത്രിഭാഷാ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു വേണ്ടി വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. കാലങ്ങളായി നിലവിലിരുന്ന പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുന്നതിനു മുമ്പ് വിഷയത്തിൽ പഠനം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ തീരുമാനം. 

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ത്രിഭാഷാ സംവിധാനം ഏർപ്പെടുത്തുന്നത് എന്നു പറയുമ്പോഴും ഇത് നടപ്പാക്കുന്ന പ്രദേശത്തോ, ഇതുമായി ബന്ധപ്പെട്ടവരുമായോ ഉള്ള പഠനങ്ങളൊന്നും നടത്തിയിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കൃത്യമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ ഭാഷാ മാറ്റത്തിനായി ലക്ഷദ്വീപ് ഭരണകൂടത്തിനു കോടതിയെ സമീപിക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഉത്തരവിൽ പറയുന്നു.  

മഹൽ, അറബിക് ഭാഷകൾ ഒഴിവാക്കി ഒന്നാം ക്ലാസ് മുതൽ ത്രിഭാഷാ ഫോർമുല നടപ്പാക്കാനുള്ള ഉത്തരവാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ബന്ധപ്പെട്ടവരോട് ചർച്ചകൾ നടത്താതെയോ പഠനങ്ങൾ ഇല്ലാതെയോ തിടുക്കത്തിലെടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു ഹർജിക്കാരനായ അജാസ് അക്ബർ പിഐയുടെ വാദം. ലക്ഷദ്വീപിലെ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ 70 വര്‍ഷമായി മഹൽ, അറബിക് ഭാഷകളുണ്ട്. അത് ആ നാടിന്റെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ് എന്നും ഹർജിയിൽ പറഞ്ഞിരുന്നു. തുടർന്ന് ഭാഷ മാറ്റുന്നതിന് ആധാരമായ പഠനങ്ങളോ ബന്ധപ്പെട്ടവരുമായി നടത്തിയ ചർച്ചകളോ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ ജൂലൈ 1 മുതൽ സിബിസിഐ സ്കൂളുകളിലായിരിക്കും പുതിയ സംവിധാനം നടപ്പാക്കുക എന്ന് ദ്വീപ് ഭരണകൂടം അറിയിച്ചു. 

കോടതി കേസ് പരിഗണിച്ചപ്പോൾ പുതിയ സംവിധാനം നടപ്പാക്കുന്നതു സംബന്ധിച്ച് പഠനങ്ങളൊന്നും നടത്തിയിട്ടില്ല എന്നാണ് ഭരണകൂടം അറിയിച്ചത്. 2020 ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്നു എന്നല്ലാതെ മറ്റൊരു കാര്യവും ഭാഷാ മാറ്റ കാര്യത്തിൽ ഇല്ല. ത്രിഭാഷാ സംവിധാനത്തിന്റെ കാര്യത്തിലും വ്യക്തമായ നിർദേശം നയത്തിലുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. ഈ നയത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക സാഹചര്യങ്ങളും ആ സമൂഹത്തിന്റെ വിദ്യാഭ്യാസ താൽപര്യങ്ങളും മുൻനിർത്തി വേണം തീരുമാനമെടുക്കാൻ. ലക്ഷദ്വീപിലെ 34 സ്കൂളുകളിൽ 26 എണ്ണം കേരള എസ്‍സിഇആർടിയുമായാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

English Summary:

High Court orders to continue existing system for language learning in schools in Lakshadweep: The court deemed the removal of Mahali and Arabic languages from the school curriculum hasty, emphasizing the importance of local context.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com