ADVERTISEMENT

കൊച്ചി ∙ കേരളതീരം അത്യപൂര്‍വ കപ്പൽ ദുരന്തങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഉന്നതതല യോഗം അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തി. കഴിഞ്ഞ 35 മണിക്കൂറായി കേരള തീരത്തിന് വടക്കായി അറബിക്കടലിൽ കത്തിക്കൊണ്ടിരിക്കുന്ന വാൻ ഹായി 503 ചരക്കുകപ്പലിനു പുറമെ ആലപ്പുഴ കടല്‍പ്പാതയിൽ മുങ്ങിക്കിടക്കുന്ന എംഎസ്‍സി എൽസ 3 കപ്പലിലെ വസ്തുവകകൾ നീക്കം ചെയ്യുന്ന കാര്യങ്ങളും ഇന്ന് ചർച്ചയിൽ വന്നു. എംഎസ്‍സി എൽസ കപ്പലിലെ കണ്ടെയ്നറുകളുടെ സമീപമെത്തി വിദഗ്ധ സംഘം ഇന്നു പരിശോധന നടത്തി. നിശ്ചയിച്ചുറപ്പിച്ച പോലെ തന്നെ രക്ഷാദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നാണ് യോഗം വിലയിരുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിനു പുറമെ നാവികസേന, കോസ്റ്റ്ഗാർഡ്, മർക്കന്റൈൽ മറൈൻ ബോർഡ്, സംസ്ഥാന ദുരന്ത നിവാരണ സമിതി, കേരള മാരിടൈം ബോർഡ്, മറ്റു കേന്ദ്ര ഏജൻസികൾ തുടങ്ങിയവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

വടക്കൻ തീരത്ത് തീ പിടിച്ച് ഒഴുകിക്കൊണ്ടിരിക്കുന്ന വാൻ ഹായി 503ലെ തീ അണയ്ക്കുന്നതിനാണ് ഇപ്പോൾ പ്രാമുഖ്യമെന്ന് യോഗം വിലയിരുത്തിയതായാണ് വിവരം. കോസ്റ്റ്ഗാർഡും നാവികസേനയും ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇന്നലെ രാവിലെ 9.50നാണ് കപ്പലിൽ തീ പടർന്നത്. കപ്പലിന്റെ കൂടുതൽ ഭാഗത്തേക്ക് വ്യാപിച്ച തീയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും കണ്ടെയ്നറുകളിലടക്കം തീ പടർന്നിട്ടുണ്ട്. തീ പൂർണമായി അണയ്ക്കാൻ ഇനിയും സമയമെടുത്തേക്കും എന്നാണ് വിവരം. എന്നാൽ കപ്പൽ 15 ഡിഗ്രിയോളം ചരിഞ്ഞതിനാൽ തീ നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ കപ്പൽ പൂർണമായി മുങ്ങുന്ന സാഹചര്യവും ഉണ്ടാകും.

കോസ്റ്റ്ഗാർഡിന്റെ സമുദ്ര പ്രഹരി, സാചേത്, രാജ്ദൂത് കപ്പലുകളാണ് ഹൈപ്രഷർ വാട്ടർജെറ്റ് ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തീ കെടുത്താൻ ഉപയോഗിക്കുന്ന വാട്ടർ ലില്ലി, ഓഫ്ഷോ‍ർ വാരിയർ എന്ന ടഗ്ഗുകളും സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. അപകടവിവരം ഇന്ത്യൻ അധികൃതർ സിംഗപ്പുർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റിയെ അറിയിക്കുകയും അവർ ഒരാളെ കേരളത്തിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

തീപിടിത്തത്തിനു ശേഷം കപ്പലിനു സമീപത്തെത്തിയ കോസ്റ്റ്ഗാർഡ് കപ്പലുകൾ വാൻ ഹായി 503നെ വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് നീക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇത് സാധ്യമായിരുന്നില്ല. ഒരു നോട്ടിക്കൽ മൈൽ വേഗതയിൽ കപ്പൽ ഇപ്പോള്‍ തെക്കൻ ദിശ കണക്കാക്കി തീര മേഖലയിലേക്കാണ് ഒഴുകിക്കൊണ്ടിരിക്കുന്നത് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കപ്പലിലെ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലും ഒപ്പം 153 കണ്ടെയ്നറുകളിലായുള്ള മാരക രാസവസ്തുക്കളും അത്യന്തം അപകടകരമാണ് എന്നതിനാൽ തീരത്തേക്ക് അടുക്കാതിരിക്കാനാണ് ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ 32.2 ടണ്‍ തീ പിടിക്കുന്ന നൈട്രോസെല്ലുലോസും ആൽക്കഹോളുമാണ്. 

ഇതിനു പുറമെയാണ് കപ്പൽ ഇന്ന് 15 ഡിഗ്രിയോളം ചരിഞ്ഞു എന്ന വിവരവും പുറത്തു വന്നത്. തീരത്തേക്ക് അടുക്കാതിരിക്കാൻ കപ്പലിനെ കെട്ടിവലിക്കുക എന്നത് തീയ്ക്ക് ശമനം വന്നാൽ മാത്രമേ സാധ്യമാകൂ. കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകുന്നതിനൊപ്പം കപ്പലില്‍നിന്ന് വീണ ഇരുപതോളം കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നതും രക്ഷാപ്രവർത്തനം നടത്തുന്ന കപ്പലുകൾക്ക് ഭീഷണിയാണ്. കപ്പലുകളുടെ പ്രൊപ്പല്ലറുകളിൽ കണ്ടെയ്നറുകളോ മറ്റു വസ്തുക്കളോ ഇടിക്കുമോ എന്ന ആശങ്കയുമുണ്ട്. എങ്കിലും ഇത് നേരിടാൻ വൈദഗ്ധ്യം നേടിയവരാണ് കപ്പലിൽ ഉള്ളവരെന്ന് അധികൃതർ വ്യക്തമാക്കി. 

അതിനിടെ, വാന്‍ ഹായി കപ്പലിലെ തീ അണയ്ക്കാൻ നാവികസേന നിയോഗിച്ചിരുന്ന ഐഎൻഎസ് സത്‍ലജ് ഇന്ന് ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ ദൂരത്ത് മുങ്ങിക്കിടക്കുന്ന എംഎസ്‍സി എൽസ3യുടെ അടുത്തേക്ക് മടങ്ങിയിട്ടുണ്ട്. എണ്ണപ്പാട നീക്കുന്ന ജോലികൾ ഇപ്പോഴും പുരോഗമിക്കുന്നു. കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി 12 അംഗ ഡൈവിങ് സംഘം ഇന്നലെ മുതൽ പരിശോധന ആരംഭിച്ചിരുന്നു. സീമെക് 3 എന്ന എന്ന സംഘം ഇന്ന് അടിത്തട്ടിലെത്തി എവിടെയെങ്കിലും ചോർച്ചയുണ്ടോ എന്ന് പരിശോധിച്ചു എന്നാണ് വിവരം. അതിനൊപ്പം കപ്പലിനൊപ്പം മുങ്ങിക്കിടക്കുന്ന കണ്ടെയ്നറുകളും സംഘം പരിശോധിച്ചു. കപ്പിലിൽ നിന്നുള്ള എണ്ണ ജൂലൈ മൂന്നിനകം നീക്കം ചെയ്യാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

English Summary:

Kerala faces unprecedented maritime disasters: the Van Hai 503 cargo ship fire and the submerged MSC Elsa 3 are major concerns. Authorities are working tirelessly to contain the situation and minimize environmental impact.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com