വിവിധ വസ്തുക്കളിൽ ഒരേ സമയം തീ, കാറ്റിന്റെ ഗതി നിർണായകം; കപ്പലിലെ ‘ക്ലാസ് എ– എഫ്’ എങ്ങനെ നിയന്ത്രിക്കും?

Mail This Article
തിരുവനന്തപുരം ∙ കണ്ണൂര്‍ അഴീക്കലില്‍നിന്ന് 44 നോട്ടിക്കല്‍ മൈല്‍ (81.4 കിലോമീറ്റര്‍) അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിലെ തീ നിയന്ത്രിക്കുന്നതില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിവിധ തരത്തിലുള്ള തീപിടിത്തം ഒരേസമയം നേരിടേണ്ടി വരുന്നതാണെന്ന് അഴീക്കല്‍ തുറമുഖത്തിന്റെ ചുമതലയുള്ള ക്യാപ്റ്റന്‍ അരുണ്‍കുമാര്‍. തീ പടരാനുള്ള സാധ്യതയെ അടിസ്ഥാനമാക്കി, വിവിധ വസ്തുക്കളിലുണ്ടാകുന്ന തീപിടിത്തത്തെ ആറായി തിരിച്ചിട്ടുണ്ട്. ക്ലാസ് എ (സോളിഡ്), ക്ലാസ് ബി (ലിക്വിഡ്), ക്ലാസ് സി (ഗ്യാസ്), ക്ലാസ് ഡി (മെറ്റല്‍), ക്ലാസ് എഫ് (കുക്കിങ് ഓയില്‍), ഇലക്ട്രിക്കല്‍ എന്നിവയാണ് അവ. ഇതില്‍ ഓരോ തരത്തിലുള്ള തീ നിയന്ത്രിക്കുന്നതിനും വ്യത്യസ്ത മാര്‍ഗങ്ങളാണ് അവലംബിക്കുക. കപ്പലില്‍ ഒരേസമയം പല വസ്തുക്കളിലാണ് തീപിടിക്കുക എന്നതിനാൽ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഒരേസമയം ഉപയോഗിക്കേണ്ടിവരുന്നതാണ് പ്രധാന വെല്ലുവിളി. കാറ്റിന്റെ ഗതിയും തീ നിയന്ത്രിക്കുന്നതില്‍ ഏറെ നിര്‍ണായകമാണെന്നും ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പറഞ്ഞു. കപ്പലിലെ ടാങ്കില്‍ 2000 ടണ്‍ ഫ്യുവല്‍ ഓയിലും 240 ടണ്‍ ഡീസല്‍ ഓയിലും ഉണ്ടെന്നുള്ളത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.
ക്ലാസ് എ - തടി, പേപ്പര്‍, തുണി, ചില പ്ലാസ്റ്റിക്കുകള്‍ എന്നിവയാണ് ഖരവിഭാഗത്തില്‍ പെടുന്നത്. വെള്ളം, ഫോം തുടങ്ങിയ വസ്തുക്കളാണ് ഈ വിഭാഗത്തിലെ തീ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്.
ക്ലാസ് ബി - എണ്ണ, ഗ്രീസ്, ഗ്യാസലിന്‍, അസെറ്റോണ്‍ തുടങ്ങിയ ദ്രവവസ്തുക്കളാണ് ഈ വിഭാഗത്തില്‍ തീപിടിത്തത്തിന് ഇടയാക്കുന്നത്. ഫോം, ഡ്രൈ പൗഡര്‍, കാര്‍ബണ്‍ ഡൈഓക്‌സൈഡ് എന്നിവയാണ് തീ നിയന്ത്രിക്കാന്‍ ഉപയോഗിക്കുക.
ക്ലാസ് സി - തീപിടിത്തത്തിന് ഇടയാക്കുന്ന വാതകങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ പെടുക. കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഡ്രൈ പൗഡറും തീ നിയന്ത്രിക്കാന്‍ ഉപയോഗിക്കും.
ക്ലാസ് ഡി - മഗ്നീഷ്യം, അലുമിനിയം, സിങ്ക്, പൊട്ടാസ്യം തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ തീപിടിത്തത്തിന് ഇടയാക്കുന്ന വസ്തുക്കള്‍. പ്രത്യേക ഡ്രൈ രാസവസ്തുക്കളാണ് തീപിടിത്തം നിയന്ത്രിക്കാന്‍ ഉപയോഗിക്കുക. പ്രത്യേക സാങ്കേതികവിദ്യകളും ഇതിനായി വേണ്ടിവരും.
ക്ലാസ് എഫ് - പാചക എണ്ണകള്‍, കൊഴുപ്പ്, പാചക ഉപകരണങ്ങള്‍ എന്നിവയെ ഈ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. പ്രത്യേക രാസവസ്തുക്കളാണ് തീ നിയന്ത്രിക്കാന്‍ ഉപയോഗിക്കുക.
ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എല്ലാ വിഭാഗത്തിലും തീപിടിത്തത്തിന് ഇടയാക്കുന്നതിനാല്‍ പ്രത്യേക വിഭാഗമായി മാറ്റിയിട്ടില്ല. അപകടത്തില്‍പ്പെട്ട കപ്പലില്‍ ഒരേ സമയം വിവിധ വിഭാഗങ്ങളില്‍പെട്ട വസ്തുക്കളാണ് തീപിടിത്തത്തിന് ഇടയാക്കുന്നതെന്നതിനാല്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടിവരും.

തീപിടിത്തത്തിനു കാരണമാകുന്നത് നാല് അടിസ്ഥാന ഘടകങ്ങളാണ്. തീപിടിത്തത്തിന് ഇടയാക്കുന്ന വസ്തുക്കള്‍ (ഇന്ധനം), ഓക്‌സിജന്‍, താപം, ശൃംഖലാ പ്രതിപ്രവര്‍ത്തനം (ചെയിന്‍ റിയാക്‌ഷന്‍) എന്നിവയാണിത്. തീപിടിത്തത്തിന് ഇടയാക്കുന്ന വസ്തുക്കളെ എടുത്തു മാറ്റുന്നതാണ് തീ നിയന്ത്രിക്കുന്നതിലെ പ്രധാന പ്രക്രിയ (സ്റ്റാര്‍വിങ്). തീപടരാതിരിക്കാന്‍ ഓക്‌സിജന്‍ ഒഴിവാക്കുകയാണ് ചെയ്യേണ്ടത് (സ്മൂതറിങ്). ഫോം, കാര്‍ബണ്‍ ഡൈഓക്‌സൈഡ് എന്നിവയാണ് ഇതിനായി ഉപയോഗിക്കുക. താപം നിയന്ത്രിക്കാന്‍ വെള്ളം, ചിലതരം ഫോമുകള്‍ തുടങ്ങിയവ ഉപയോഗിക്കും. പിന്നീട് പ്രതിപ്രവര്‍ത്തനം (ചെയിന്‍ റിയാക്‌ഷന്‍) നിയന്ത്രിക്കാന്‍ ഡ്രൈ കെമിക്കല്‍ പൗഡര്‍, ചില രാസവസ്തുക്കള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഒരേസമയത്തു തന്നെ ഒരേ സൈറ്റില്‍ ഉപയോഗിച്ചാല്‍ മാത്രമേ കപ്പലിലെ തീ ഫലപ്രദമായി നിയന്ത്രണ വിധേയമാക്കാന്‍ കഴിയൂ.
തീപിടിച്ച വാൻ ഹയി കപ്പലിലുള്ളത് എളുപ്പം തീപിടിത്തത്തിന് ഇടയാക്കുന്ന രാസവസ്തുക്കളും കീടനാശിനികളുമാണ് 40 കണ്ടെയ്‌നറുകളില്‍ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട് (ക്ലാസ് 3). എഥനോള്‍, പെയിന്റ്, ടര്‍പന്റൈന്‍, പ്രിന്റിങ് ഇങ്ക്, വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ഈതൈല്‍ മീഥൈല്‍ കീറ്റോണ്‍ എന്നിവയുമുണ്ട്. 19 കണ്ടെയ്‌നറുകളില്‍ തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട് (ക്ലാസ് 4.1). ഒരു കണ്ടെയ്‌നറില്‍ ആല്‍ക്കഹോള്‍ അടങ്ങിയ നൈട്രോ സെല്ലുലോസ്, 12 കണ്ടെയ്‌നറുകളില്‍ നാഫ്തലീന്‍, ഒരു കണ്ടെയ്‌നറില്‍ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കള്‍, 4 കണ്ടെയ്‌നറുകളില്‍ പാരാ ഫോര്‍മാല്‍ഡിഹൈഡ് എന്നിവയുണ്ട്. വായുസമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കള്‍ മറ്റൊരു കണ്ടെയ്‌നറിലുണ്ട്. പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കള്‍ ഉള്‍പ്പെടുന്ന ക്ലാസ് 4.2ല്‍ ആണ് ഇതു വരുന്നത്.
കോസ്റ്റ്ഗാര്‍ഡിന്റെ സചേത്, സമുദ്ര പ്രഹരി തുടങ്ങിയവ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കോസ്റ്റ്ഗാര്‍ഡിന്റെ സമര്‍ഥ് എന്ന കപ്പലും നാവിക സേന കപ്പലായ ഐഎന്‍എസ് സത്‌ലജും സ്ഥലത്തുണ്ട്. കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുങ്ങുന്ന സാഹചര്യമാണു നിലവിലുള്ളത്. ഇങ്ങനെ ഉണ്ടായാല്‍ എണ്ണയും രാസവസ്തുക്കളും കടലില്‍ പടരും. ഇത് തടയാനുള്ള ശ്രമങ്ങളാണു തീരസംരക്ഷണസേന നടത്തുന്നത്.