ജല അതോറിറ്റി വെള്ളം തുറന്നുവിട്ടു; റാന്നിയിൽ ഇന്നലെ തുറന്ന പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നു

Mail This Article
റാന്നി (പത്തനംതിട്ട) ∙ ഞായറാഴ്ച വൈകിട്ട് തുറന്ന അത്തിക്കയം കൊച്ചുപാലത്തിന്റെ സംരക്ഷണഭിത്തി വീണ്ടും തകർന്നു. നാട്ടുകാർ ചേർന്നു രൂപീകരിച്ച ആക്ഷൻ കൗൺസിൽ സംരക്ഷണ ഭിത്തി പുനർനിർമിച്ച് പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതിനു പിന്നാലെയാണ് വീണ്ടും തകർച്ച. പാലത്തിൽ സ്ഥാപിച്ചിരുന്ന പൈപ്പിലൂടെ ജല അതോറിറ്റി വെള്ളം തുറന്നു വിട്ടപ്പോൾ പൊട്ടി ഒഴുകിയതാണ് തകർച്ചയ്ക്ക് കാരണം.
അത്തിക്കയം–ഗുരുമന്ദിരം–കടുമീൻചിറ റോഡിലെ പാലമാണിത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാലത്തിന്റെ വലതു വശത്ത് പമ്പാനദിയോടു ചേർന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പിലൂടെ വെള്ളം ഒഴുകിയെത്തിയത്. ഇത് സംരക്ഷണഭിത്തി തകർത്ത് തോട്ടിലേക്ക് ഒഴുകുകയായിരുന്നു. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ സംരക്ഷണഭിത്തിയുടെ ഉപരിതലമാണ് തകർന്നത്.
റാന്നി ജല അതോറിറ്റി ഓഫിസിൽ ബന്ധപ്പെട്ട് വെള്ളം തുറന്നു വിടുന്നതു നിർത്തിച്ചാണ് പരിഹാരം കണ്ടത്. ഇതിനകം സംരക്ഷണഭിത്തി തകർന്നിരുന്നു. തങ്ങളുടെ പിഴവാണെന്നും സംരക്ഷണഭിത്തി പുനർ നിർമിച്ചു നൽകാമെന്നും ജല അതോറിറ്റി അധികൃതർ ആക്ഷൻ കൗൺസിൽ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ട റോഡാണിത്.
അത്തിക്കയം കൊച്ചുപാലം പൊളിച്ചു പണിയാനും റോഡ് കോൺക്രീറ്റ് ചെയ്യാനുമായി 3.50 കോടി രൂപയാണ് അനുവദിച്ചത്. പകുതിയ്ക്കു കരാറുകാരൻ പണി ഉപേക്ഷിച്ചു പോയതോടെ സർക്കാർ നടപടികൾ പൂർത്തിയാക്കി പാലം പണിയാൻ താമസം നേരിടുമെന്നു കണ്ടാണ് നാട്ടുകാർ പുനരുദ്ധാരണത്തിനു മുന്നിട്ടിറങ്ങിയത്.