‘കേന്ദ്രസർക്കാരിനോട് ചോദിച്ചിട്ട് അല്ലല്ലോ, സംസ്ഥാനം തീരുമാനിക്കട്ടെ; എയിംസ് കൊണ്ടുവന്നിട്ടേ ഞാൻ വോട്ട് ചോദിക്കാൻ വരൂ’

Mail This Article
കൊച്ചി ∙ കപ്പൽ അപകടത്തിൽ കേസ് കൊടുക്കേണ്ട നഷ്ടപരിഹാരം മതിയെന്ന് സംസ്ഥാനം തീരുമാനിച്ചത് കേന്ദ്രസർക്കാരിനോട് ചോദിച്ചിട്ട് അല്ലല്ലോ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തുടർച്ചയായുണ്ടാകുന്ന കപ്പലപകടങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമാണ്. ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മത്സ്യത്തൊഴിലാളികളെ അടക്കം ബാധിക്കുന്ന വിഷയമാണിത്. നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടെങ്കിൽ കേന്ദ്രം തീർച്ചയായും ഇടപെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘‘എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിനു നൽകിയിട്ടുള്ളൂ, മൂന്ന് ഓപ്ഷനുകളാണ് നൽകേണ്ടത്. എന്നാൽ, ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിലുള്ള മറ്റു കാര്യങ്ങൾ അന്വേഷിക്കൂ. എന്റെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് കേരളത്തിൽ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത്, എന്ത് തർക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പിൽ ഞാൻ വോട്ട് ചോദിക്കാൻ വരൂ’’ – സുരേഷ് ഗോപി പറഞ്ഞു.
‘‘2019ൽ മെട്രോയെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അവഹേളിച്ചതാണ്. അത് വാഗ്ദാനമേ അല്ലായിരുന്നു. കോയമ്പത്തൂർ വരെ, അല്ലെങ്കിൽ പാലക്കാട്, പാലിയേക്കര, അല്ലെങ്കിൽ ചാലക്കുടി, നെടുമ്പാശേരി.എന്ന് പറയുന്നത് സ്വപ്നമാണ്. ഒരു സ്വപ്നമായിട്ടാണ് അന്ന് അത് അവതരിപ്പിക്കാൻ കഴിഞ്ഞത്. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ വീണ്ടും അത് ഉന്നയിച്ചു. ഇപ്പോഴും ആ സ്വപ്നം സ്വപ്നമായി നിലനിൽക്കുന്നു. പക്ഷേ, യാഥാർഥ്യത്തോട് അടുക്കാനുള്ള സാഹചര്യം ഉണ്ട്. 2019ൽ ഇക്കാര്യം പറഞ്ഞപ്പോൾ അപക്വമായ പ്രത്യാരോപണങ്ങളായിരുന്നു ഉണ്ടായത്. കൊച്ചി മെട്രോ എന്ന് പറയുന്നത് കൊച്ചിക്കകത്ത് ഒതുങ്ങിനിൽക്കുന്ന ഒന്നാണെന്നായിരുന്നു പ്രതികരണങ്ങൾ. ഭവന, നഗരകാര്യ, ഊർജ മന്ത്രാലയ വകുപ്പ് മന്ത്രി മനോഹർ ലാലുമായി മെട്രോ കാര്യം ചർച്ചചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത്, കേരളത്തിൽ ആർആർടിഎസ് പദ്ധതിയാണ് യോജിച്ചത് എന്നായിരുന്നു. നെടുമ്പാശേരി വരെ മെട്രോ വരുമെന്ന് ഉറപ്പായിരുന്നു. അത് അങ്കമാലി വരെ കൊണ്ടുവന്നതിനു ശേഷം അങ്കമാലിയിൽനിന്ന് ക്രോസ് കട്ട് ചെയ്ത് കൊടുങ്ങല്ലൂരിന്റെ വടക്കുഭാഗം ചേർന്ന്, നാട്ടിക, തൃപ്രയാർ, ചേറ്റുവ വഴി ഗുരുവായൂർ, പൊന്നാനി, തിരൂർ ചെന്നു കഴിഞ്ഞാൽ ഈ പ്രദേശത്തുള്ളവർക്കെല്ലാം റെയിൽ എക്സിപീരിയൻസ് കിട്ടും. മെട്രോയേക്കാൾ വേഗത്തിൽ യാത്ര സാധ്യമാകും.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ പ്രധാനമന്ത്രിയെ പ്രകീർത്തിക്കുകയാണ്. അതിനാൽ ശശി തരൂരിനു പുകഴ്ത്താം. തരൂരിന്റെ നിലപാടിൽ സംഘ ചായ്‌വുണ്ടെങ്കിൽ അതിൽ വ്യക്തത വരുത്തേണ്ടത് അദ്ദേഹംതന്നെ ആണ്’’ – സുരേഷ് ഗോപി പറഞ്ഞു.