‘യുഡിഎഫ് വർഗീയ മുന്നണി, ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം ലീഗിന്റെ മാസ്റ്റർ ഹെഡ്; എന്റെയടുത്ത് ഒരു സ്വാമിയും വന്നിട്ടില്ല’

Mail This Article
മലപ്പുറം ∙ യുഡിഎഫ് വർഗീയ മുന്നണിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വെൽഫെയർ പാർട്ടി യുഡിഎഫിന്റെ ഭാഗമാണ്. എല്ലാ മേഖലയിലെയും വർഗീയവാദികളെ കൂട്ടുപിടിച്ചുള്ള മുന്നണിയാണിത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണത്. അവർക്കതിൽ ഒരു മനഃപ്രയാസവുമില്ല. വർഗീയവാദികളെ വെള്ളപൂശുകയാണ് വി.ഡി.സതീശൻ ചെയ്യുന്നത്. ഇനിയും മതനിരപേക്ഷ മുന്നണിയാണെന്ന് അവർക്ക് അവകാശപ്പെടാനാകില്ല. ഇനി യുഡിഎഫ് എന്ന പേര് അവർക്ക് ഉപയോഗിക്കാൻ അവകാശമില്ലെന്നും ഗോവിന്ദൻ ആരോപിച്ചു.
മുസ്‌ലിം സമുദായത്തിലെ ഏറ്റവും ചെറിയ വിഭാഗമാണ് ജമാഅത്തെ ഇസ്‌ലാമിയെങ്കിലും അവർ ആശയപരമായി മുസ്‌ലിം ലീഗിന്റെ മാസ്റ്റർ ഹെഡായിരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. ‘‘സിപിഎമ്മുമായി ഒരു കാലത്തും ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ബന്ധവുമുണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോ ? ജമാഅത്തെ ഇസ്‌ലാമിയെപോലെ വർഗീയ രാഷ്ട്രം വേണമെന്ന് എപ്പോഴെങ്കിലും പിഡിപി പറഞ്ഞിട്ടുണ്ടോ ? അവർ പീഡിപ്പിക്കപ്പെട്ടൊരു വിഭാഗമാണ്. പണ്ടത്തെപോലെയല്ല, ഇന്ന് അവരുടെ അവസ്ഥ വളരെ ദയനീയമാണ്. ആ അവസ്ഥയിലുള്ളൊരു വിഭാഗം, അവരെടുക്കുന്ന തീരുമാനമാണ് അവർ പറഞ്ഞത്. ഞങ്ങളുടെ മുന്നണിയുടെ ഭാഗമായല്ല അവർ പിന്തുണ പ്രഖ്യാപിച്ചത്. പിഡിപി പിന്തുണ പ്രഖ്യാപിച്ചത് വലിയ കുറ്റവും ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗമായ ഐക്യപ്രസ്ഥാനത്തിന്റെ പിന്തുണ യാതൊരു പ്രശ്നവുമില്ലെന്നാണോ പറയുന്നത്’’ – ഗോവിന്ദൻ പറഞ്ഞു.
‘‘പി.വി.അൻവറും മഴവിൽ സഖ്യത്തിന്റെ ഭാഗമാണ്. എൽഡിഎഫിനു വ്യക്തമായ മുൻകൈ നിലമ്പൂരിലുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. എൽഡിഎഫിനു പിന്തുണ നൽകിയ ഹിന്ദു മഹാസഭ ആരാണെന്നു പോലും അറിയില്ല. ആരാണെന്നറിയാതെ പിന്തുണ വേണ്ട എന്ന് പറയാനില്ല. എന്റെയടുത്ത് ഒരു സ്വാമിയും വന്നിട്ടില്ല. ഒരു സ്വാമിയെക്കുറിച്ചും എനിക്ക് വിവരവുമില്ല. എൽഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഒരു സ്വാമിയോടും പറഞ്ഞിട്ടില്ല. അങ്ങനെയൊരു മുന്നണിയും ഐക്യവുമില്ല. ജമാഅത്തെ ഇസ്‌ലാമി വിവാദം മറച്ചുവയ്ക്കാൻ യുഡിഎഫ് സൃഷ്ടിച്ചതാകാം അത്’’ – ഗോവിന്ദൻ പറഞ്ഞു.