ADVERTISEMENT

കൊച്ചി ∙ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ കുഞ്ഞ് ‘നിധി’യെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് തിരികെ ലഭിക്കില്ല. കുട്ടിയെ സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് സാമ്പത്തിക പ്രാപ്തി ഇല്ല എന്നു വ്യക്തമായ സാഹചര്യത്തിൽ കുട്ടിയെ ജാർഖണ്ഡിലെ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി (സിഡബ്ള്യുസി) ചെയർമാൻ വിൻസെന്റ് ജോസഫ് വ്യക്തമാക്കി. ജാർഖണ്ഡ് ശിശുക്ഷേമ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും കു‍ട്ടിയെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാതാപിതാക്കളായ മംഗളേശ്വറും രഞ്ജിതയും കുട്ടിയെ തിരികെ കിട്ടുന്നതിനായി കേരളത്തിലുണ്ട്. എന്നാൽ കുട്ടിയെ വിട്ടുകൊടുക്കാൻ സാധിക്കില്ലെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാൻ വ്യക്തമാക്കി. കുട്ടി മരിച്ചുപോകും എന്നു കരുതി വിട്ടുപോയവരാണ് അവർ. അവർക്ക് കുട്ടിയെ നോക്കാൻ സാമ്പത്തിക സാഹചര്യമില്ലായിരുന്നു എന്നാണ് പറഞ്ഞത്. മരണത്തിന്റെ വക്കിൽ നിന്ന് രക്ഷിച്ചെടുത്തുകൊണ്ടുവന്ന കുട്ടിയാണിത്. അപ്പോൾ ഭാവിയിലും എന്തെങ്കിലും പ്രശ്നം വന്നാൽ കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. മാതാപിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് ജാർഖണ്ഡ് ശിശുക്ഷേമ സമിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കുട്ടിയെ മാതാപിതാക്കളെ ഏൽപ്പിച്ചാൽ കേരളത്തിലെ ശുശുക്ഷേമ സമിതിക്ക് പിന്നെ അതിൽ ഇടപെടാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ അതിന് സാധിക്കുന്നത് ഉത്തരവാദിത്തപ്പെട്ട സമിതി എന്ന നിലയിൽ ജാർഖണ്ഡ് ശിശുക്ഷേമ സമിതിക്കാണ്. അതിനാലാണ് അവർക്ക് കുട്ടിയെ കൈമാറാന്‍ തീരുമാനിച്ചത്. കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറണോ തുടങ്ങിയ കാര്യങ്ങൾ പിന്നീട് അവർക്ക് തീരുമാനിക്കാനാകു - അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് ദമ്പതികൾ നാട്ടിലേക്കു യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ജനുവരി 29ന് എറണാകുളം ജനറൽ ആശുപത്രിയിൽ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. പൂർണ വളർച്ച എത്താത്തതിനാൽ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ ജാർഖണ്ഡിലേക്ക് മടങ്ങുകയായിരുന്നു. വൈകാതെ സർക്കാർ കുഞ്ഞിനെ ഏറ്റെടുക്കുകയും ‘നിധി’ എന്ന് പേരു നൽകുകയും ചെയ്തു. കുഞ്ഞ് ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്. കുഞ്ഞ് ജീവനോടെയില്ലെന്നാണ് കരുതിയതെന്നും ആശുപത്രി ബില്ലടയ്ക്കാനുള്ള തുക തങ്ങളുടെ കൈവശമില്ലാത്തതിനാൽ നാട്ടിലേക്കു പോകുകയായിരുന്നുവെന്നുമാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്.

English Summary:

Abandoned Baby's Journey: Kerala CWC will not return abandoned infant Nidhi to her Jharkhand parents due to their documented financial struggles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com