ADVERTISEMENT

കൊച്ചി ∙ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജിയിൽ തനിക്കും എക്സാലോജിക് കമ്പനിക്കുമെതിരായ എല്ലാ  ആരോപണങ്ങളും നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ. മുഖ്യമന്ത്രിയുടെ മകളായതിനാൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളാണ് ഹർജിയിലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ വീണ പറയുന്നു. എക്സാലോജിക്കിന്റെ റജിസ്ട്രേഡ് ഓഫിസായി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിന്റെ വിലാസം നൽകിയതുമായി ബന്ധപ്പെട്ട് ഹർജിയിലുള്ള ആരോപണങ്ങൾ തെറ്റാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

മാധ്യമ പ്രവർത്തകനായ എം.ആർ.അജയനാണ് കരിമണൽ കമ്പനിയായ സിഎംആർഎലും വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് വീണയും പിണറായി വിജയൻ അടക്കമുള്ള എതിർകക്ഷികളും മറുപടി സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പിണറായി വിജയൻ തനിക്കെതിരെ ഉന്നയിച്ചിരുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണയും മറുപടി സമർപ്പിച്ചിരിക്കുന്നത്.  

എക്സാലോജിക്കുമായി ബന്ധപ്പെട്ട ഏതെങ്കിലും പണമിടപാടിൽ സർക്കാരുമായി ബന്ധപ്പെട്ടവരോ സ്ഥാപനമോ ഉണ്ടെന്നതിന് തെളിവ് ഹാജരാക്കാൻ ഹർജിക്കാരനു കഴിഞ്ഞിട്ടില്ലെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. സിഎംആർഎലിന് താനോ പിതാവോ സഹായം ചെയ്തതായോ അതിനുള്ള പ്രതിഫലം കൈപ്പറ്റിയതായോ തെളിവില്ല. സിഎംആർഎലും എക്സാലോജിക്കും തമ്മിൽ രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ്. അതിന്റെ പേരിൽ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല. താനും എക്സാലോജിക്കും സിഎംആർഎലും ഉൾപ്പെട്ട എല്ലാ പണമിടപാടുകളും അക്കൗണ്ട് മുഖേനെ സുതാര്യമായാണ് നടന്നത്. സിഎംആർഎലിന് ഐടി സേവനം നൽകുക എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം ലഭിച്ചത്. ഇക്കാര്യം ആദായ നികുതി വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്.

എക്സാലോജിക് ‘ബെനാമി’ കമ്പനിയല്ല. എക്സാലോജിക് സ്ഥാപിച്ചതും നടത്തിയതും താനാണ്. 2014ലാണ് എക്സാലോജിക് സ്ഥാപിച്ചത്. 2016 മേയിലാണ് പിതാവ് മുഖ്യമന്ത്രിയായത്. സിഎംആർഎലുമായി ബന്ധപ്പെട്ട കേസ് എസ്എഫ്ഐഒയുടെ പരിഗണനയിലായതിനാൽ സമാന്തരമായി മറ്റൊരു ഏജൻസി കേസ് അന്വേഷിക്കാൻ പാടില്ലെന്നും മറുപടിയില്‍ പറയുന്നു. 

തന്റെ കമ്പനിയുടെ ബെംഗളൂരുവിലെ റജിസ്ട്രേഡ് ഓഫിസ് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു. ഇത് ഔദ്യോഗികമായി അറിയിക്കാതിനാൽ റജിസ്ട്രാർ ഓഫ് കമ്പനീസ് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പിന്നീട് ഇത് 20,000 രൂപയായി കുറച്ചു. ഇത്തരം നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടാണ് പിഴ അടച്ചതെന്നും അല്ലാതെ എകെജി സെന്റർ കമ്പനിയുടെ റജിസ്ട്രേഡ് ഓഫിസ് വിലാസമാക്കിയതുമായി ബന്ധപ്പെട്ടല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

English Summary:

Exalogic-CMRL Case: Kerala Chief Minister's daughter T. Veena refutes all allegations in the monthly payment case. The counter-affidavit submitted to the High Court highlights the baseless claims and attempts to tarnish her image due to her family connection.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com