തിരുവനന്തപുരം∙ രണ്ടുവര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തില്‍ കൂടുതല്‍ തിരിച്ചടികള്‍ ഭയന്നാണ് ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സിസാ തോമസിനു പെന്‍ഷന്‍ ആനുകൂല്യം പൂര്‍ണമായി നല്‍കാന്‍ ഉത്തരവിറക്കിയത്. സിസാ തോമസിനു രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചെങ്കിലും കൂടുതല്‍ തിരിച്ചടി ഉണ്ടാകുമെന്ന ഉപദേശത്തെ തുടര്‍ന്ന് നിലപാട് തിരുത്തി സിസാ തോമസിന് എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 

സിസാ തോമസിന് എതിരെ എടുത്ത അച്ചടക്ക നടപടിയെ ന്യായീകരിക്കുന്ന പരാമര്‍ശങ്ങള്‍ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്. 2023ലെ എജി വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് പ്രകാരം സിസാ തോമസിന് പ്രൊവിഷനല്‍ പെന്‍ഷന്‍ നല്‍കിയിരുന്നുവെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചുവെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇതു വസ്തുതാവിരുദ്ധമാണ്. 2023 മാര്‍ച്ചില്‍ വിവരമിച്ച സിസാ തോമസിന് 2025 മാര്‍ച്ചില്‍ മാത്രമാണ് പ്രൊവിഷനല്‍ പെന്‍ഷന്‍ നല്‍കിയത്. 

സിസാ തോമസിന് എതിരെ സര്‍ക്കാര്‍ നല്‍കിയ കുറ്റാരോപണ പത്രിക ഹൈക്കോടതി റദ്ദാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമപ്പിച്ച റിവ്യൂ പെറ്റീഷന്‍ സുപ്രീംകോടതിയില്‍ നിലവിലുണ്ടെന്ന് ഡയറി നമ്പര്‍ ഉദ്ധരിച്ചാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഫയല്‍ നമ്പര്‍ വ്യക്തമാക്കിയിട്ടില്ല. സുപ്രീംകോടതി റിവ്യൂ പെറ്റീഷന്‍ ഫയലില്‍ സ്വീകരിക്കാത്തതിനാല്‍ സിസാ തോമസിന് ഇതു സംബന്ധിച്ച് ഒരു തരത്തിലുള്ള അറിയിപ്പും ഇതുവരെ കിട്ടിയിട്ടില്ല. 

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സിസാ തോമസിനു പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുന്നുവെന്നാണ് ഉത്തരവില്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.

English Summary:

Kerala Government Pays Full Pension to Dr. Ciza Thomas After Legal Battle: The decision follows a High Court ruling and ends a lengthy legal battle. The order also addresses the disciplinary action against Dr. Ciza Thomas, clarifying discrepancies in the timeline of pension disbursement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com