ആരോപണങ്ങൾ തള്ളി വീണ, വാൻ ഹായിയിൽ രക്ഷാപ്രവർത്തകർ; ട്രംപിനോട് മസ്കിന്റെ ഖേദ പ്രകടനം–പ്രധാന വാർത്തകൾ

Mail This Article
മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജിയിൽ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഇന്ന് വാർത്തകളില്‍ ഇടം പിടിച്ചു. കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്നു 40 ലക്ഷം രൂപ കവർന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച ഇലോൺ മസ്കിന്റെ കുറിപ്പും ഇന്ന് വലിയ വാർത്താ പ്രാധാന്യം നേടി. തീ ആളിക്കത്തുന്ന വാന്‍ ഹായ് കപ്പലില്‍ രക്ഷാപ്രവര്‍ത്തകസംഘം അതിസാഹസികമായി ഇറങ്ങിയതാണ് മറ്റൊരു മുഖ്യ വാർത്ത. വായിക്കാം ഇന്നത്തെ മറ്റ് പ്രധാന വാർത്തകളും.
കണ്ണൂര്‍ അഴീക്കലിനു സമീപം അറബിക്കടലില്‍ തീ ആളിക്കത്തുന്ന വാന്‍ ഹായ് കപ്പലില്‍ അതിസാഹസികമായി ഇറങ്ങി രക്ഷാപ്രവര്‍ത്തകസംഘം. കപ്പല്‍ കടലിനുള്ളിലേക്കു കൂടുതല്‍ കെട്ടിവലിച്ചു മാറ്റാനുള്ള ശ്രമത്തില്‍ നിര്‍ണായകമായ വിജയമാണ് പോര്‍ബന്തറില്‍നിന്നുള്ള എംഇആര്‍സി സംഘം കൈവരിച്ചിരിക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തീരരക്ഷാസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് സംഘം കപ്പലില്‍ ഇറങ്ങിയത്. കപ്പലിന്റെ മുന്‍ഭാഗത്തുള്ള വലിയ കൊളുത്തില്‍ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധപ്പിക്കാന്‍ സംഘത്തിനു കഴിഞ്ഞു. കേരളതീരത്തുനിന്ന് കൂടുതല്‍ ദൂരത്ത് കടലിനുള്ളിലേക്കു കപ്പല്‍ കൂടുതല്‍ വലിച്ചുമാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
സ്കൂട്ടറിലെത്തിയയാൾ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്നു പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്ക്. ‘‘പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ എന്റെ ചില പോസ്റ്റുകളില്‍ ഖേദമുണ്ട്. അത് വല്ലാതെ അതിരുവിട്ടു’’ – ഇലോൺ മസ്‌ക് എക്‌സില്‍ കുറിച്ചു. ഡോണൾഡ് ട്രംപിന്‍റെ പുതിയ നികുതി നയമാണ് മസ്കിനെ ചൊടിപ്പിച്ചത്. അറപ്പും വെറുപ്പുമുണ്ടാക്കുന്നതാണ് ട്രംപിന്റെ നികുതി ബില്ലെന്നും ഇത് പാസാക്കിയവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ആയിരുന്നു മസ്കിന്‍റെ പ്രസ്താവന. മസ്ക് പറഞ്ഞതിനു ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് എന്‍ബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തിരിച്ചടിക്കുകയും ചെയ്തു. മസ്കിനോട് സംസാരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മസ്കിന്‍റെ മാനസിക നില ശരിയല്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.
മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജിയിൽ തനിക്കും എക്സാലോജിക് കമ്പനിക്കുമെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ. മുഖ്യമന്ത്രിയുടെ മകളായതിനാൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളാണ് ഹർജിയിലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ വീണ പറയുന്നു. എക്സാലോജിക്കിന്റെ റജിസ്ട്രേഡ് ഓഫിസായി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിന്റെ വിലാസം നൽകിയതുമായി ബന്ധപ്പെട്ട് ഹർജിയിലുള്ള ആരോപണങ്ങൾ തെറ്റാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കേരളതീരത്ത് അറബിക്കടലിൽ എംഎസ്‍സി എൽസ 3 എന്ന കപ്പൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി തീരദേശ പൊലീസ് കേസെടുത്തു. കപ്പൽ കമ്പനിയായ എംഎസ്‌സി ഒന്നാം പ്രതിയും ഷിപ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പലിലെ മറ്റു ജീവനക്കാർ മൂന്നാം പ്രതികളുമാണ്. ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ ദൂരത്താണ് മേയ് 25ന് കപ്പൽ മുങ്ങിയത്. എംഎസ്‍സി എൽസ 3 എന്ന ചരക്കുകപ്പലിലുള്ള കണ്ടെയ്നറുകളിൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടക വസ്തുക്കളും ഉണ്ടെന്നിരിക്കെ പ്രതികള്‍ മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കുംവിധം അപകരമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു.